ജനവാസമില്ലാത്ത ദ്വീപില്‍ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ പണം സമാഹരണം നടത്തി യുകെയിലെ തീവ്ര ഇസ്ലാമത പണ്ഡിതൻ

ശരിഅത്ത് നിയമം മാത്രം പിന്തുടരുന്ന ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ പണം സമാഹരണം നടത്തി തീവ്ര ഇസ്ലാമത പണ്ഡിതൻ.

യുകെയിലെ സൗത്ത് ബക്കിംഗ്ഹാംഷെയറിലെ ഫുള്‍മർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മഹ്ദി സെർവൻസ് യൂണിയന്റെ തലവനായ ഷെയ്ഖ് യാസർ അല്‍-ഹബീബാണ് ഷിയകള്‍ക്ക് മാത്രമായി രാജ്യം സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

സ്‌കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള ടോർസ ദ്വീപ് വിലയ്‌ക്ക് വാങ്ങിയാണ് രാജ്യം സ്ഥാപിക്കുന്നത്. ദ്വീപ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

85 വർഷമായി ജനവാസമില്ലാത്ത ദ്വീപ് 1.5 മില്യണ്‍ പൗണ്ടിന് വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുകയായിരുന്നു. ബോട്ട് മാർഗം മാത്രമാണ് ഈ ദ്വീപില്‍ എത്തിച്ചേരാൻ സാധിക്കുക. ഇവിടെ ഇസ്ലാമിക സ്കൂളും മറ്റും നിർമിക്കും. ലോകമെമ്ബാടുമുള്ള ഷിയ മുസ്ലീങ്ങള്‍ക്ക് താമസിക്കാൻ എന്ന പേരില്‍ വാങ്ങുന്ന ദ്വീപനായി ഇതിനകം 3 മില്യണ്‍ പൗണ്ടിലധികം സ്വരൂപിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു.

20 വർഷം മുമ്പ്‌ കുവൈറ്റില്‍ നിന്ന് പലായനം ചെയ്ത് യുകെയില്‍ അഭയം തേടിയ ആളാണ് 45 കാരനായ ഷെയ്ഖ് യാസർ അല്‍-ഹബീബ്. സൈനിക മാതൃകയിലുള്ള പരിശീലന ക്യാമ്പുകള്‍ ഇവർ നടത്തുന്നതായും സൂചനയുണ്ട്.

ഷിയകളെയും സുന്നികളെയും തമ്മില്‍ അടിപ്പിക്കുന്നതിന്റെ പേരില്‍ യുകെയിലും അറബ് ലോകത്തും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. അല്‍-ഹബീബ് തന്റെ വിവാദ സാറ്റലൈറ്റ് സ്റ്റേഷനായ ഫഡക് ടിവി വഴിയാണ് പണം സ്വരൂപിക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഫഡക് ടിവി അടച്ചുപൂട്ടണമെന്ന ആവശ്യം യുകെയില്‍ എംപിമാർ തന്നെ ഉന്നയിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയുടെ എതിർപ്പ് അവഗണിച്ച്‌, അല്‍-ഹബീബ് വിദ്വേഷം പടർത്തുന്നത് തുടരുകയാണ്.