സിസിലി: ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയില്‍ കുന്നിടിഞ്ഞു. സിസിലിയില്‍ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ചയില്‍ ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിയുകയായിരുന്നു. കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീടുകളില്‍ പലതും അതീവ അപകടാവസ്ഥയിലാണുള്ളത്. മണ്ണിടിച്ചില്‍ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയില്‍ നിന്ന് ഒഴിപ്പിച്ചത്.
ഞായറാഴ്ച ആരംഭിച്ച മണ്ണിടിച്ചില്‍ വലിയൊരു വിള്ളലാണ് സിസിലി നഗരത്തില്‍ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് നിസ്കെമിയിലെ മേയർ പ്രതികരിക്കുന്നത്. വീണ്ടും മണ്ണിടിയുന്നത് ചരിത്ര പ്രാധാന്യമുള്ള സിസിലി നഗരത്തെ വിഴുങ്ങിക്കൊണ്ടാവുമെന്നുള്ള ആശങ്കയിലാണ് ആളുകളുള്ളത്. അപകടമേഖലയ്ക്ക് പുറത്തുള്ളവരോട് വീടുകളില്‍ തന്നെ തുടരാനാണ് മേയർ ആവശ്യപ്പെടുന്നത്. മണ്ണിടിച്ചിലിനെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും മേയർ നല്‍കുന്നുണ്ട്. മണ്ണിച്ചില്‍ നടന്ന സ്ഥലത്തിന്റെ 50-70 മീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളും തകരാൻ സാധ്യതയുണ്ടെന്ന് സിസിലിയിലെ സിവില്‍ പ്രൊട്ടക്ഷൻ അതോറിറ്റി ഡയറക്ടർ ജനറല്‍ സാല്‍വത്തോർ കൊസിന തിങ്കളാഴ്ച വിശദമാക്കിയത്.
നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. തീരദേശ നഗരമായ ഗേലയുമായി നിസ്കെമിയെ ബന്ധിപ്പിക്കുന്ന റോഡും അടച്ചു. 25000ത്തോളം ആളുകളാണ് നിസ്കെമിയിലുള്ളത്. ഇവരില്‍ ഒഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ കഴിഞ്ഞ രണ്ട് രാത്രികളായി പ്രാദേശിക മൈതാനത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. മേഖലയില്‍ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും സാങ്കേതിക പരിശോധനകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഹാരി ചുഴലിക്കാറ്റ് ആഞ്ഞടിച്ച തെക്കൻ പ്രദേശങ്ങളില്‍ ഇറ്റാലിയൻ സർക്കാർ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കനത്ത മഴയും ഒമ്പത് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളും സിസിലി, കാലാബ്രിയ, സർഡിനിയ എന്നിവിടങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. റോഡുകളും തീരദേശ പ്രതിരോധ സംവിധാനങ്ങളും തകർന്നു. നിരവധി ബീച്ച് റിസോർട്ടുകള്‍ ഒലിച്ചുപോയി. ഏകദേശം 100 കോടി യൂറോയിലധികം നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ അടിയന്തിര ആവശ്യങ്ങള്‍ക്കായി സർക്കാർ 10 കോടി യൂറോ അനുവദിച്ചു. തകർന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനർനിർമ്മിക്കുന്നതിന് സർക്കാർ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമെച്ചി പറഞ്ഞു. സിസിലിയില്‍ മാത്രം 74 കോടി യൂറോയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.



