സാങ്കേതിക തകരാര്‍; ലാൻഡിംഗിനിടെ വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു

ഫ്ലോറിഡ: ലാൻഡ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു. ഫ്ലോറിഡയിലെ ഓർലാന്റോ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 200 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്ന യുണൈറ്റഡ് എയർലൈൻ ആണ് അപകടത്തിലായത്. സംഭവത്തില്‍ ആർക്കും പരിക്കുകളില്ല.

ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഓർലാന്റോയിലേയ്ക്ക് എത്തിയ എയർബസ് A321 വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്. സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെയെല്ലാം ഉടൻ തന്നെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു.

സംഭവത്തിന് പിന്നാലെ എയർക്രാഫ്റ്റ് റെസ്‌ക്യൂ ഫയർ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യാത്രക്കാരെ ടെർമിനലിലേക്ക് എത്തിക്കാൻ യുണൈറ്റഡ് എയർലൈൻസ് ബസുകള്‍ ഏർപ്പെടുത്തി. റണ്‍വേയില്‍ നിന്ന് വിമാനം നീക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

അപകടത്തെ തുടർന്ന് നിരവധി വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടായി. സാങ്കേതിക തകരാറിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മോശം കാലാവസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.