കോഴിക്കോട്: പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടി യുവതി ഇൻസ്റ്റാഗ്രാമില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം പരാതി നല്‍കി.
വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ദീപക്കിനെ മാനസികമായി തകർത്ത യുവതിക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി.
മുഖ്യമന്ത്രി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കാണ് കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രധാന ആവശ്യം.
ദീപക്കിന്റെ മരണത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കൂ.
തനിക്ക് ദുരനുഭവമുണ്ടായ കാര്യം വടകര പോലീസില്‍ അറിയിച്ചിരുന്നു എന്ന് യുവതി അവകാശപ്പെട്ടെങ്കിലും, വടകര ഇൻസ്പെക്ടർ ഇത് തള്ളി. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ വിമർശനം ഉയർന്നതോടെ യുവതി തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിർജ്ജീവമാക്കിയിട്ടുണ്ട്.



