‘പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ ശക്തമായ തിരിച്ചടിയുണ്ടാകും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാനിൽ വൻതോതിലുള്ള അടിച്ചമർത്തൽ നടക്കുന്നുണ്ടെന്നും ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

“അവർ അങ്ങനെ എന്തെങ്കിലും ചെയ്താൽ ഞങ്ങൾ വളരെ ശക്തമായ നടപടി സ്വീകരിക്കും”- ട്രംപ് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനിൽ നടക്കുന്ന കാര്യങ്ങളിൽ താൻ ആശങ്കാകുലനാണെന്നും അവിടെ നടക്കുന്ന കൊലപാതകങ്ങളുടെ വ്യാപ്തിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ പ്രക്ഷോഭകർ കൊല്ലപ്പെട്ടാൽ അമേരിക്ക ഇടപെടുമെന്ന് ട്രംപ് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിയൻ ജനത പ്രതിഷേധം തുടരണമെന്നും സഹായം ഉടൻ എത്തുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

അതിനിടെ, ഇറാനിയൻ സുരക്ഷാ മേധാവി അലി ലാറിജാനി, ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ‘ഇറാനിലെ ജനങ്ങളുടെ പ്രധാന കൊലയാളികൾ’ എന്ന് വിശേഷിപ്പിച്ചു. ട്രംപ് ഇറാനിയൻ ജനതയെ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ പ്രോത്സാഹിപ്പിച്ചതിന് പിന്നാലെയാണ് ലാറിജാനിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയിലെ ഇറാൻ്റെ അംബാസഡർ അമീർ സഈദ് ഇറാവിനിയും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ഇറാനിൽ രാഷ്ട്രീയ അസ്ഥിരത പ്രോത്സാഹിപ്പിക്കുകയും അക്രമം ഇളക്കിവിടുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ഇത് ഇറാനിയൻ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.