തായ്‌ലൻഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ മുകളില്‍ ക്രെയിന് തകർന്നുവീണ് 22 പേർ മരിച്ചു

ബാങ്കോക്ക്: തായ്‌ലൻഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ മുകളില്‍ ക്രെയിന് തകർന്നുവീണ് 22 പേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റു.

ക്രെയിൻ മുകളിലേക്ക് പതിച്ചതോടെ ട്രെയിൻ പാളം തെറ്റി തീപിടിക്കുകയായിരുന്നു.

ബാങ്കോക്കില് നിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായി നഖോൻ റാച്ചാസിമ പ്രവിശ്യയിലെ സിഖോ ജില്ലയിലാണ് രാവിലെ 9.05 ഓടെയാണ് സംഭവം. ബാങ്കോക്കില്‍ നിന്ന് ഉബോണ്‍ രത്ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.

റെയില്‍വേ ട്രാക്കിന് മുകളില്‍ എലിവേറ്റഡ് അതിവേഗ റെയില്‍വേ പദ്ധതിയുടെ നിർമാണം നടക്കുകയായിരുന്നു. ഇതിനായി എത്തിച്ച ക്രെയിനാണ് തകർന്ന് വീണത്. ട്രെയിൻ കടന്നുപോകുന്നതിനിടെ ക്രെയിൻ ബാലൻസ് നഷ്ടപ്പെടുകയും തകർന്നു വീഴുകയുമായിരുന്നു.

195 ഓളം യാത്രക്കാർ ബോഗികളിലുണ്ടായിരുന്നുവെന്ന് ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ ഫിഫാറ്റ് രത്ചകിത്പ്രകണ്‍ പറഞ്ഞു. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.