ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തില്‍ നിന്ന് ലഭിച്ചത് നാലര ലക്ഷം രൂപ. നിരോധിച്ച 2,000 രൂപയുടെ നോട്ട് മുതല്‍ വിദേശ കറൻസികള്‍ വരെ കൂട്ടത്തിലുണ്ടായിരുന്നു.
ആലപ്പുഴ ചാരുംമൂടും പരിസര പ്രദേശത്ത് ചുറ്റിത്തിരിഞ്ഞു നടന്ന ഭിക്ഷാടകന്റെ ഭാണ്ഡത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് ഭിക്ഷാടകന് വാഹനാപകടത്തില്‍ പരിക്കേറ്റത്. നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോടും പറയാതെ അവിടെ നിന്നും ഇറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെ ഇയാളെ പ്രദേശത്തെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ശേഷം സമീപമുണ്ടായിരുന്നു ഭാണ്ഡം നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോള്‍ ഭാണ്ഡം നിറയെ പണമായിരുന്നു. പ്ലാസ്റ്റിക്ക് കണ്ടെയ്നറിലാണ് പണം സൂക്ഷിച്ചിരുന്നത്. അനില്‍ കിഷോർ, തൈപ്പറമ്ബില്‍, കായംകുളം എന്നാണ് ഭിക്ഷാടകൻ ആശുപത്രിയില്‍ നല്‍കിയ മേല്‍വിലാസം. പണം പൊലീസ് കോടതിക്ക് കൈമാറും.



