ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ചൈന സന്ദർശിക്കാനിരിക്കെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ

ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ങിന്റെ ചൈന സന്ദർശനം ആരംഭിക്കുന്ന ദിവസം തന്നെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ. വെനസ്വേലയിൽ യുഎസ് സൈനിക നടപടി നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഞായറാഴ്ച രാവിലെ ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള പ്യോങ്‌യാങ്ങിന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കൊറിയൻ ഉപദ്വീപിലെ സമാധാനം സംബന്ധിച്ച ചർച്ചകൾക്കായി ലീ ജേ മ്യുങ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ പ്രകോപനം. പ്യോങ്‌യാങ്ങിന്റെ പ്രധാന സഖ്യകക്ഷിയായ ചൈനയിലേക്ക് ദക്ഷിണ കൊറിയൻ ഭരണാധികാരി എത്തുന്ന വേളയിൽ തന്നെ മിസൈൽ പരീക്ഷണം നടത്തിയത് രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഞങ്ങൾ വെനസ്വേലയിൽ നിന്ന് വ്യത്യസ്തരാണ് എന്ന സന്ദേശമാണ് ഇതിലൂടെ കിം ജോങ് ഉൻ നൽകുന്നതെന്ന് നിരീക്ഷകർ കരുതുന്നു. ഒരു ആണവ-സൈനിക ശക്തി എന്ന നിലയിൽ ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കാൻ തങ്ങൾ തയ്യാറാണെന്ന് പ്യോങ്‌യാങ് ഇതിലൂടെ വ്യക്തമാക്കുന്നു.

വെനസ്വേലയിലെ സംഭവങ്ങൾ കണ്ട് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് കിം ജോങ് ഉൻ ആയിരിക്കുമെന്ന് യോൻസെ സർവ്വകലാശാലയിലെ പ്രൊഫസർ ബോങ് യംഗ്ഷിക്ക് അഭിപ്രായപ്പെട്ടു. തന്റെ അധികാരം സംരക്ഷിക്കാൻ ആക്രമണോത്സുകമായ പ്രതിരോധത്തിന് തങ്ങൾ തയ്യാറാണെന്നാണ് കിം ഇതിലൂടെ ലോകത്തോട് പറയുന്നത്.