വാഷിംഗ്ടണ്‍: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോറൻസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
ഇരുവരെയും രാജ്യത്തിനു പുറത്തേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍ എവിടേയ്ക്കെന്ന് വ്യക്തമല്ല. അതിശക്തമായ കരയാക്രമണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ‘വെനിസ്വേലയ്ക്കും അതിന്റെ നേതാവ് നിക്കോളാസ് മഡുറോയ്ക്കുമെതിരെ വൻതോതിലുള്ള ആക്രമണം വിജയകരമായി അമേരിക്ക നടത്തി, അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് നാടുകടത്തി’-എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതെല്ലാം അമേരിക്കയിലെ നിയമനിർവഹണ ഏജൻസിയുമായി സഹകരിച്ചാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൗരന്മാർ വെനിസ്വേല വിടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡെല്‍റ്റാ ഫോഴ്സാണ് മഡുറോയെയും ഭാര്യയെയും പിടികൂടിയത് എന്നാണ് റിപ്പോർട്ട്.
അധിനിവേശത്തെ ചെറുക്കുമെന്ന് വെനിസ്വേലൻ പ്രതിരോധ മന്ത്രി വ്ളാഡിമിർ പാഡ്രിനോ അറിയിച്ചു. അമേരിക്കൻ ആക്രമണങ്ങളില്‍ എത്രപേർ മരിച്ചുവെന്നതിന്റെയും പരിക്കേറ്റു എന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഇന്നുപുലർച്ചെയാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയില്‍ അമേരിക്ക ശക്തമായ ആക്രമണം നടത്തിയത്. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴുസ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സൈനിക, സിവിലിയൻ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കിയതിനാണ് ആക്രമണം എന്നാണ് അമേരിക്ക പറയുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ ഏറെനാളായുളള പ്രശ്നങ്ങളാണ് ഇപ്പോഴത്തെ ആക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ സംഘർഷം വീണ്ടും കടുത്തു. പ്രസിഡന്റ് നിക്കാേളാസ് മഡൂറോ എത്രയും പെട്ടെന്ന് സ്ഥാനമാെഴിണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ മഡൂറോ ഇത് തള്ളിയിരുന്നു.
വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാദ്ധ്യതയുണ്ടെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. കരീബിയൻ കടലിലും പസഫിക്ക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് അമേരിക്കൻ സൈന്യം വെനസ്വേലയുടെ എട്ടുബോട്ടുകളെ തകർത്തിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് കൊല്ലപ്പെട്ടത്.



