ട്രംപ് താക്കീത് നല്‍കിയതിന് പിന്നാലെ വെനിസ്വേലയുടെ തലസ്ഥാനത്ത് ഒന്നിലധികം സ്ഫോടനങ്ങൾ

കാരക്കാസ്: വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസില്‍ വൻ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഏകദേശം 2:00 മണിയോടെ കാരക്കാസില്‍ കുറഞ്ഞത് ഏഴ് വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ലാ കാർലോട്ട വിമാനത്താവളത്തിന് സമീപവും ഹൈഗ്യൂറോട്ടിലും വലിയ സ്ഫോടനങ്ങളും പുകയും ദൃശ്യമായി. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനിസ്വേലയ്ക്ക് മേല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആവർത്തിച്ചുള്ള താക്കീതുകള്‍ നല്‍കിയതിന് പിന്നാലെയാണിത്.

സ്ഫോടനസമയത്ത് കാരക്കാസിന് മുകളില്‍ താഴ്ന്നു പറക്കുന്ന വിമാനങ്ങളുടെ ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സ്ഫോടനങ്ങളെത്തുടർന്ന് നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലും പ്രധാന സൈനിക താവളത്തിന് സമീപവും വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നതായി വിവരമുണ്ട്.

മയക്കുമരുന്ന് കടത്തിന് എതിരെയും നിക്കോളാസ് മഡുറോയുടെ സർക്കാരിന് എതിരെയും കരയുദ്ധം നടത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്തിടെ കരീബിയൻ കടലില്‍ അമേരിക്കൻ നാവികസേനയെ വിന്യസിക്കുകയും ചില കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

അമേരിക്കൻ വിമാനങ്ങള്‍ വെനിസ്വേലൻ ആകാശ പരിധിയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് യുഎസ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു.

അതേസമയം, സ്ഫോടനങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെനിസ്വേലൻ സർക്കാരോ അമേരിക്കൻ ഭരണകൂടമോ ഈ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.