പുതുവത്സരാഘോഷത്തിനിടെ വ്യാപക നാശനഷ്ടങ്ങള്‍; ആംസ്റ്റര്‍ഡാമിലെ 150 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പള്ളിക്ക് തീപിടിച്ചു

ആംസ്റ്റർഡാം: നെതർലൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമില്‍ പുതുവത്സര പുലരിയില്‍ ഉണ്ടായ വൻ തീപിടിത്തത്തില്‍ 150 വർഷം പഴക്കമുള്ള വോണ്ടല്‍ചർച്ച്‌ ഭാഗികമായി നശിച്ചു.

നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഈ ദേവാലയം 1872-ലാണ് പണികഴിപ്പിച്ചത്.

അപകടത്തില്‍ പള്ളിയുടെ 50 മീറ്ററോളം ഉയരമുള്ള ഗോപുരം തകർന്നു വീഴുകയും മേല്‍ക്കൂരയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എങ്കിലും കെട്ടിടം പൂർണ്ണമായും തകരാതെ സംരക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

നെതർലൻഡ്‌സില്‍ ഇത്തവണത്തെ പുതുവത്സരാഘോഷങ്ങള്‍ അക്രമാസക്തമായ സാഹചര്യത്തിലാണ് കടന്നുപോയത്. വിവിധ ഇടങ്ങളില്‍ പോലീസിനും അഗ്നിശമന സേനയ്ക്കും നേരെ അക്രമങ്ങളുണ്ടായി. കരിമരുന്ന് അപകടങ്ങളെത്തുടർന്ന് ഒരു 17-കാരനും 38 വയസ്സുകാരനും ജീവൻ നഷ്ടമായി.

ബ്രെഡ നഗരത്തില്‍ പോലീസിനു നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. രക്ഷാപ്രവർത്തകർക്ക് നേരെയും പലയിടത്തും അതിക്രമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

റോട്ടർഡാമിലെ ഐ ഹോസ്പിറ്റലില്‍ പടക്കം പൊട്ടി പരിക്കേറ്റ 14 പേർ ചികിത്സ തേടി, ഇതില്‍ 10 പേർ കുട്ടികളാണ്. നിയമവിരുദ്ധമായ കരിമരുന്നുകള്‍ക്ക് നിരോധനം ഏർപ്പെടുത്താനിരിക്കെ, ഇത്തവണ വലിയ തോതിലുള്ള പടക്കം വില്പനയാണ് നടന്നത്. ‘ഫയർവർക്ക് ഫ്രീ സോണുകള്‍’ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ ഇത് വ്യാപകമായി ലംഘിച്ചു.