ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ ദേശീയപാത 48-ല്‍ പുലർച്ചെയുണ്ടായ അപകടത്തില്‍ 10-ലധികം യാത്രക്കാർ വെന്തുമരിച്ചു.
ബെംഗളൂരുവില്‍ നിന്ന് ഗോകർണത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹിരിയൂർ താലൂക്കിലെ ഗോർലാത്ത് ക്രോസിന് സമീപമാണ് അപകടം നടന്നത്. ഹിരിയൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിർദിശയില്‍ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് ഉടൻ തന്നെ തീപിടിച്ചു. ഉറക്കത്തിലായിരുന്ന യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയും മുൻപേ തീ ആളിപ്പടർന്നു.
മരിച്ച ട്രക്ക് ഡ്രൈവർ കുല്‍ദീപിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ബസിലുണ്ടായിരുന്ന 29 യാത്രക്കാരില്‍ ഭൂരിഭാഗവും ഗോകർണ സ്വദേശികളാണ്. അപകടസമയത്ത് ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെയുള്ളവർ ചാടി രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെ ഒമ്ബത് മൃതദേഹങ്ങള്‍ പുറത്തെടുത്തു. പരുക്കേറ്റവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (PMNRF) നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. “ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലേക്ക് പോയവരുടെ യാത്ര ഇത്ര വലിയ ദുരന്തത്തില്‍ അവസാനിച്ചത് ഹൃദയഭേദകമാണ്,” അദ്ദേഹം എക്സില്‍ (ട്വിറ്റർ) കുറിച്ചു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ്പി രഞ്ജിത്ത് സ്ഥലം സന്ദർശിച്ചു.
അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ ഏതാണ്ട് 30 കിലോമീറ്ററോളം നീളത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ ശിരവര വഴി തിരിച്ചുവിട്ടാണ് പൊലിസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ബുധനാഴ്ച തമിഴ്നാട്ടിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒമ്ബത് പേർ മരിച്ചിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയ സർക്കാർ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിർദിശയില്‍ വന്ന കാറുകളിലും എസ്യുവിയിലും ഇടിക്കുകയായിരുന്നു.




