ന്യൂഡല്‍ഹി: സംവാദ വേദിയില്‍ മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ച് വിവാദ യോഗാ ഗുരു ബാബാ രാംദേവ്.
ഡല്‍ഹിയില്‍ ഒരു മാധ്യമസ്ഥാപനം നടത്തിയ സംവാദ പരിപാടിയിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്.
പരിപാടിക്കിടെ സ്റ്റേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകനായ ജയ്ദീപ് കർണിക്കിനെയാണ് രാംദേവ് ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ചത്.
കാണികള്‍ക്ക് മുന്നില്‍ ചില യോഗാ ചുവടുകള്‍ കാണിച്ച് രണ്ട് ചാട്ടമൊക്കെ ചാടി തന്റെ കൈയിലെ മസിലും കാട്ടി രാംദേവ് മാധ്യമപ്രവർത്തകന്റെ അടുത്തേക്ക് പോവുകയായിരുന്നു.
തന്റെ ശക്തിയും കഴിയും മറ്റുള്ളവരെ കാണിക്കാനെന്നോണം രാംദേവ് മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ ക്ഷണിക്കുകയും അദ്ദേഹത്തെ കാലില്‍ കുടുക്കിട്ട് നിലത്തേക്ക് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജയ്ദീപ് കൃത്യമായി ഒഴിഞ്ഞുമാറി.
ഇതോടെ പണി പാളിയെന്ന് മനസിലായ രാംദേവ് എഴുന്നേല്‍ക്കാൻ നോക്കിയെങ്കിലും മാധ്യമപ്രവർത്തകൻ വീണ്ടും പിടിച്ച് തള്ളിയിടുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.
ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ രാംദേവ് എഴുന്നേല്‍ക്കുകയും ചിരിച്ചുകൊണ്ട് മൈക്ക് കൈയിലെടുത്ത് ജയ്ദീപിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ജയ്ദീപ് കർണിക് ഗുസ്തി കുടുംബത്തില്‍ നിന്നുള്ളയാണ്. കർണിക്കിന്റെ പിതാവ് സുഭാഷ് കർണികും മുത്തച്ഛൻ രംഗനാഥ് കർണിക്കും പ്രമുഖ ഗുസ്തിക്കാരായിരുന്നു.
സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയുടെ താഴെ നിരവധി പേരെയാണ് രാംദേവിനെ പരിഹസിച്ചും മാധ്യമപ്രവർത്തകനെ പുകഴ്ത്തിയും കമന്റ് ചെയ്യുന്നത്.
മാധ്യമപ്രവർത്തകനെ എളുപ്പത്തില്‍ കീഴ്പ്പെടുത്താമെന്ന് രാംദേവ് കരുതിയതായും എന്നാല്‍ ഒടുവില്‍ സ്വയം പരിഹാസ്യനായെന്നും ചിലർ പറയുന്നു.




