ലഖ്നൗ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലിസ്.
ബുദാനില്‍ നടന്ന സംഭവത്തില്‍ നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. മക്കള്‍ക്ക് നല്ല സംസ്കാരവും ധാർമ്മിക മൂല്യങ്ങളും നല്കുന്നതില് മാതാപിതാക്കള്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഈ അസാധാരണ നടപടി.
സ്കൂളിലേക്ക് പോകുന്ന വഴിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നാല് ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യപ്പെടുത്തുകയും അശ്ലീല കമന്റുകള്‍ പറയുകയും ചെയ്തിരുന്നു. വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടർന്ന് പിതാവ് പൊലിസില്‍ പരാതി നല്കി. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമപ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതികളായ നാല് ആണ്‍കുട്ടികളും 13 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്.
കുട്ടികള്‍ പ്രായപൂർത്തിയാകാത്തവരായതിനാല്‍ അവരുടെ മാതാപിതാക്കള്‍ക്ക് പൊലിസ് നോട്ടീസ് നല്‍കിയിരുന്നു. തുടർന്നാണ് അമ്മമാരെ അറസ്റ്റ് ചെയ്തത്.”കുട്ടികളെ നല്ല രീതിയില്‍ വളർത്താത്ത മാതാപിതാക്കള്‍ക്ക് കൃത്യമായ സന്ദേശം നല്‍കാനാണ് ഈ നടപടി” എന്ന് എസ്.എച്ച്.ഒ അജയ് പാല് സിങ് പറഞ്ഞു.പ്രതികളായ കുട്ടികള്‍ സ്കൂളില്‍ പോകാതെ ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്നവരാണെന്നും പൊലിസ് കണ്ടെത്തി.നിലവില്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന കുട്ടികളുടെ പിതാക്കള്‍ മടങ്ങിയെത്തിയാല്‍ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് വ്യക്തമാക്കി.
കുട്ടികള്‍ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നിയമവൃത്തങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ കേസില്‍ അമ്മമാരെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകർ ചോദിക്കുന്നു. സംഭവം വിവാദമായെങ്കിലും ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത അമ്മമാരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു.




