‘സത്യപ്രതിജ്ഞ ഞായറാഴ്ച നടത്തരുത്, ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണിത്’; എൻസിഎംജെ

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ നടത്തുന്നതിനെ എതിർത്ത് നാഷണല്‍ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് രംഗത്ത്.

ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണിതെന്നാണ് എൻസിഎംജെ ചൂണ്ടികാണിച്ചിരിക്കുന്നത്. ഈ തീരുമാനം സർക്കാർ പു നഃപരിശോധിക്കമെന്നും എൻസിഎംജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഞായറാഴ്ച പ്രാത്ഥനയുടെ ദിവസമാണ്. അതിനാല്‍ തന്നെ കുർബ്ബാനകളിലും പള്ളി ആരാധനകളിലും പങ്കെടുക്കേണ്ടത് ആവശ്യമാണ് ആയതിനാല്‍ ഇതേ ദിവസം തന്നെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തുന്നത് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന തീരുമാനമാണെന്നാണ് എൻസിഎംജെ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ഇടവക ഭാരവാഹികളും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളും വരെ ഉള്‍പ്പെടുന്നുണ്ട്. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് കാലത്തെ ഞായറാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും എൻസിഎംജെ ഭാരവാഹികള്‍ ചൂണ്ടികാണിക്കുന്നു. അതിനാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സർക്കുലർ പിൻവലിച്ച്‌ സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. എൻസിഎംജെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.പ്രകാശ് പി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് തുടങ്ങിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ എന്ത് തീരുമാനമാകും കൈക്കൊള്ളുക എന്നതിനാണ് കാത്തിരിക്കുന്നത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും