പെന്തക്കോസ്തരുടെ വാസം ഇപ്പോൾ കോടതി മുറികളിലും പോലീസ് സ്റ്റേഷനുകളിലും; അയ്യയ്യോ കഷ്ടം !!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഒരിക്കൽ വൃദ്ധനായ ഒരു മനുഷ്യനും തൻ്റെ വൃദ്ധ ഭാര്യയും കോട്ടയത്തുനിന്ന്, കുട്ടിക്കാനം വഴി, കുമളിക്ക് പോകുന്ന ബസ്സിൽ എങ്ങനെയൊക്കെയോ കയറിക്കൂടി. തിരക്ക് ഭയങ്കരം, കുത്തിനിറച്ച യാത്രക്കാരുമായി ബസ് മുന്നോട്ടു പോവുകയാണ്.

ബസ്സ് കുരിശുമുക്കിൽ എത്തിയപ്പോൾ കിളി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, കുരിശ് ആരെങ്കിലും ഇറങ്ങാൻ ഉണ്ടോ? ഇത് കേട്ട്, വളരെ കഷ്ടം സഹിച്ച് വൃദ്ധനായ മനുഷ്യൻ ഒരു വിധത്തിൽ ബസ്സിൻ്റെ പുറകിലത്തെ വാതിലിൽ കൂടി പുറത്തിറങ്ങി. വൃദ്ധൻ്റെ കണ്ണുകൾ ഇപ്പോൾ ഭാര്യയെ തിരയുകയാണ്, അവൾ ഇറങ്ങിയിട്ടില്ല. ബസ്സിൻ്റെ മുൻഭാഗത്താണ് അവൾ കയറിയത്, തിരക്കുകൂട്ടി ബസ് മുമ്പോട്ട് എടുക്കുവാൻ തുടങ്ങുമ്പോൾ വൃദ്ധനായ മനുഷ്യൻ കഴിയുന്നത്ര ഉച്ചത്തിൽ പറഞ്ഞു, ഇല്ല പോകരുത്, എൻ്റെ ഒരു കുരിശ് ഇറങ്ങാനുണ്ട്.

യഥാർത്ഥത്തിൽ എന്താണ് കുരിശ്? നമ്മുടെ വാഴ്ത്തപ്പെട്ടവനായ കർത്താവ് തന്നെ അനുധാവനം ചെയ്യുന്ന ശിഷ്യഗണങ്ങളോട് ഇങ്ങനെ പറഞ്ഞു, ഒരുത്തൻ എൻ്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തൻ്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ (മത്തായി 16: 24). കാൽവറിയിലെ യാഗവും, ഗെത്ത്ശെമനയിലെ വേദനയും, പിതാവിനോടുള്ള അനുസരണവും, ക്രൂശിലെ സമർപ്പണവും, ലോകത്തിലെ കഷ്ടതയും മുത്തുകൾ പോലെ യേശു ഈ വാക്യത്തിൽ കോർത്തിണക്കി. ഇതത്രേ ക്രൂശ്.

വിട്ടുകൊടുക്കുവാനും, താഴ്മ ധരിക്കുവാനും, ലെവലേശം പോലും മനസ്സുവെക്കാതെ, ജാതീയർ എന്ന് നാം പുലമ്പി പറയുന്ന നിയമപാലകരുടെയും, രാഷ്ട്രീയ നേതാക്കളുടെയും മുമ്പിൽ നിന്ന് അങ്കം പൊരുതുന്ന വിശ്വാസ സമൂഹത്തിലെ നേതാക്കന്മാരും, അനുയായികളും ലജ്ജിക്കണം. നിങ്ങളുടെ തൊണ്ട തുറന്ന ശവകുഴിക്ക് തുല്യമത്രേ.

പെന്തക്കോസിൻ്റെ ഈറ്റില്ലം എന്ന് പറയുന്ന കേരളത്തിൻ്റെ മണ്ണിൽ നിന്നും കാട്ടുതീ പോലെ സോഷ്യൽ മീഡിയകളിൽ കൂടി ലോകമെങ്ങും ക്രിസ്തുവിൻ്റെ സൗരഭ്യവാസനയല്ല പരക്കുന്നത്. കേരളത്തിലെ പൊതുശൗചാലയങ്ങളിൽ നിന്ന് വമിക്കുന്ന ദുർഗന്ധത്തെക്കാൾ വലിയ ദുർഗന്ധമാണ് ലോകമെങ്ങും പരക്കുന്നത്. അംഗത്വം കൂടിയത് കൊണ്ടും, അമേരിക്കൻ പണം ഒഴുകിയെത്തുന്നതുകൊണ്ടും സ്വർഗ്ഗം പ്രസാദിക്കില്ല. അനുസരണത്തിൽ തികഞ്ഞവൻ അനുതാപ ഹൃദയത്തോടെ അടുത്തു വരുന്നവരെ മാറോടു ചേർത്തു പിടിക്കും.

ജഡികൻമാർ, ജാള്യത ധരിക്കും.

പുത്തിരിക്കണ്ടം മൈതാനം നിറഞ്ഞു കവിഞ്ഞെന്ന് പറഞ്ഞ് കൂകി വിളിച്ചാലും, ജീവിതത്തിൽ പുതിയ അനുഭവവും, പുതുജീവനും പ്രാപിക്കുന്നില്ലെങ്കിൽ നാം പുറത്തുപോകും. ക്രിസ്തുവിനെ ഉയർത്തുന്നവർ സ്വയം എന്ന ജഡം മരിപ്പിക്കുന്നില്ലെങ്കിൽ അങ്ങനെയുള്ളവരിൽ വ്യാപരിക്കുന്നത് നെബുക്കദ്നേസസറുടെ ആത്മാവത്ര. മഹാകുംഭമേള പോലെ ജനം തടിച്ചു കൂടിയത് കണ്ടുകൊണ്ട് ദൈവപ്രവർത്തി എന്ന് ഗീർവാണം മുഴക്കി, തടിച്ച നാവുകൾ കൊണ്ട് തട്ടി വിടുന്ന അന്യഭാഷ എന്താണെന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.

പെന്തക്കോസിൻ്റെ പിതാക്കന്മാർ മുണ്ട് മുറുക്കിയുടുത്തു, ഉപവസിച്ചു, കുഴിഞ്ഞ കണ്ണുകൾ ഉയരത്തിലേക്ക് ഉയർത്തി നോക്കി. കാലം മാറിയപ്പോൾ പെന്തക്കോസിന് കൊഴുപ്പു കൂടി ഉയരത്തിലേക്ക് ഉയർത്തണ്ട കണ്ണുകൾ, ഉന്തിയ കണ്ണുകളായി കസേരകളിലേക്ക് ഉയർത്തി നോക്കുവാൻ തുടങ്ങി.

ക്രൂശിൻ്റെ സാക്ഷികളായി ഓടേണ്ടവർ കസേര നോക്കി, ലോകമെമ്പാടും ഓടുവാൻ തുടങ്ങി. ഹാമാൻ്റെ അധികാരത്തിൻ്റെ കൊഴുപ്പും, ആഖാൻ്റെ അനുസരണക്കേടിൻ്റെ ഹൃദയവും, ഉസിയാവിൻ്റെ അഹങ്കാരത്തിൻ്റെ തലക്കനവും ഒരു മാറാവ്യാധി പോലെ പെന്തക്കോസ്തിനെ ചുറ്റിപ്പിടിച്ചു. പിതാക്കന്മാർ കൂട്ടായ്മയ്ക്കും, യോഗത്തിനും ഒരിടത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നടന്നും, കിതച്ചും ഓടി. അവരുടെ തലമുറകൾ ഇപ്പോൾ പോലീസ് സ്റ്റേഷനുകളും, കോടതികളും കയറിയിറങ്ങുന്നു.

ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു, തമ്പുരാൻ ഇത് കണ്ട് മനംനൊന്ത് പറയുന്നു, എൻ്റെ ജനത്തിൻ്റെ പുത്രിക്ക് സൗഖ്യം ഇല്ല.

കഷ്ടം സഹിക്കുവാനും, തന്നത്താൻ കഷണങ്ങളായി മുറിക്കപ്പെടുവാനും ഒരുക്കമല്ല നമ്മുടെ സമൂഹം. എന്നാൽ കാശുണ്ടാക്കുവാനും, മറ്റുള്ളവരെ എങ്ങനെയും കഷണമാക്കി മാറ്റുവാനും നാം കച്ചകെട്ടിയിരിക്കുന്നു. ഇതു ക്രൂശിൻ്റെ വഴിയല്ല, കുബേര ലോകത്തിൻ്റെ വഴിയത്രേ.

നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ലെന്ന് കണ്ടക്ഷോഭം നടത്തുമ്പോൾ, അതിനിടയിൽ കൂട്ടു സഹോദരനെതിരെ ഇല്ലാത്ത പെണ്ണ് കേസുകൾ വരെ കൊടുത്ത് തേജോവധം ചെയ്യുവാൻ മടികാണിക്കാത്തവർ. അയ്യോ പരിശുദ്ധാത്മാവ് ഇവരുടെ നടുവിൽ ഇല്ലവേ, ഇല്ല.

സാധുക്കളായ വിശ്വാസ സമൂഹത്തെ ചൂഷണം ചെയ്ത്, വീണ്ടും, വീണ്ടും അവരെ നന്നാക്കുവാൻ ശ്രമിക്കാതെ, ഒരു സ്വയ വിശകലനം നടത്തി, ആഡംബരത്തെകാൾ അനുതാപവും, അംഗീകാരത്തെക്കാൾഅന്തരംഗത്തെയും, കസേരയെക്കാൾ കാൽവറിയെയും, വലുതെന്ന് കാണുവാൻ കണ്ണുകൾ തുറക്കപ്പെടട്ടെ.

കൂട്ടിമുട്ടിയാൽ പോലും കൈ കൊടുക്കുവാൻ മടിക്കുന്ന മെത്രാൻ പട്ടമണിഞ്ഞ സാരഥികൾ, ആരുടെയെങ്കിലും മരണത്തിങ്കൽ അവരെ വാനോളം പുകഴ്ത്തി മണിയടിക്കുന്നത് കേൾക്കുമ്പോൾ മനം പുരട്ടൽ അനുഭവപ്പെടുകയാണ്. പെന്തക്കോസ്തിന് കൊഴുപ്പ്
ബാധിച്ച്, ആട്ടുംതോലണിഞ്ഞ് നടക്കുന്ന പ്രതിഭകൾ ആരായാലും വിശ്വാസ സമൂഹം അവരെ ആത്മാവിൽ വിവേചിക്കേണ്ടിയിരിക്കുന്നു.

നമുക്ക് വേണ്ടി കഷ്ടം സഹിച്ചവനെ ധ്യാനിക്കേണ്ടതിന് പകരം, കാശുള്ളവനെ ധ്യാനിക്കുകയും, അപ്പാ എന്നുള്ള വിളിയും നിൽക്കട്ടെ!

കുറുപ്രാവും, മീവൽ പക്ഷിയും, കൊക്കും മടങ്ങി വരാനുള്ള സമയം അറിയുന്നു, അനുസരിക്കുന്നു. എങ്കിലും പെന്തക്കോസിൻ്റെ ഉടുപ്പ് ധരിച്ചവർക്ക് സമയങ്ങളും കാലങ്ങളും അറിയാതെ പോകുന്നു. ഹൃദയത്തിൻ്റെ ഭിത്തികൾ ചലിക്കുന്ന ഉണർവുകൾ ഇനിയും പൊട്ടിപ്പുറപ്പെടട്ടെ!. ഒരു ശുദ്ധീകരണവും കഴുകലും ഇനിയും നടക്കട്ടെ.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും