ജക്കാർത്ത: വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന ഇന്തോനേഷ്യയില്‍ മരണം 593 ആയി, 468 പേരെ കാണാതായിട്ടുണ്ട്. സുമാത്ര ദ്വീപിലെ വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, അചേ എന്നീ മൂന്നു പ്രവിശ്യകളിലായി 14 ലക്ഷം പേരാണു ദുരന്തം നേരിടുന്നത്.
മലാക്ക കടലിടുക്കില്‍ രൂപംകൊണ്ട ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള കനത്ത മഴയാണ് ദുരന്തത്തിനു കാരണം. റോഡുകളും പാലങ്ങളും തകർന്നതിനാല്‍ പല ദുരന്തബാധിത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയാണ്.
മോട്ടോർ സൈക്കിള്‍ ഉപയോഗിച്ചും കാല്‍നടയായും ആണ് രക്ഷാപ്രവർത്തകർ മേഖലകളിലെത്തുന്നത്. ദുരന്തബാധിതർക്കു മതിയായ ഭക്ഷണം വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
പ്രളയജലം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതു വെല്ലുവിളിയാണെന്ന് ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു.



