വാടക വിശ്വാസിയോ? വചന വിശ്വാസിയോ?

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

കൺവെൻഷൻ സീസണുകൾ പൊടി പൊടിക്കുന്ന സമയം. കസേര തുടങ്ങി എന്തും സുലഭമായി വാടകയ്ക്ക് എടുക്കുവാൻ കഴിയുന്ന കാലഘട്ടം. സ്വന്തം എന്ന് പറയുവാൻ ഒന്നുമില്ലെങ്കിലും, എന്തും, എല്ലാം ഇഷ്ടാനുസരണം എടുത്ത് സ്വന്തം പോലെ ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു യുഗത്തിലാണ് നാം നിൽക്കുന്നത്. വിലകൂടിയ വാഹനങ്ങൾ, കൊട്ടാരതുല്യമായ വീടുകൾ, ധരിക്കുവാൻ വസ്ത്രം തുടങ്ങി ധനിക വേഷം കെട്ടി ഓടുവാൻ എല്ലാം വിരൽത്തുമ്പിൽ വാടകയ്ക്ക് ലഭ്യമാണ്.

ഇതു മനുഷ്യനെ ഒരു ഉടമസ്ഥൻ ആക്കി മാറ്റുന്നില്ല. കുറച്ചു ദിവസങ്ങളോ, മാസങ്ങളോ സ്വന്തമാക്കി വെച്ചുകൊണ്ട് ഉപയോഗിച്ചാലും, മടക്കി കൊടുക്കേണ്ട സമയങ്ങൾ മുന്നിൽ കടന്നു വരും. ഒരുവൻ ക്രിസ്തുവിൽ ആയി കഴിയുമ്പോൾ അവൻ പുതിയ സൃഷ്ടിയായി തീരുകയാണ്. യേശു കർത്താവു പറയുന്നു ഞാൻ നിങ്ങളിലും, നിങ്ങൾ എന്നിലും വസിക്കും, എന്നെ പിരിഞ്ഞ് നിങ്ങൾക്കൊന്നും ചെയ്യുവാൻ കഴിയുകയില്ല (യോഹന്നാൻ 15: 4, 5). ഒരു ആത്മികൻ എപ്പോഴും ദൈവത്തിൽ വസിക്കുന്നവനാകണം, വാടകയ്ക്ക് സാധനങ്ങളും മറ്റും എടുക്കുന്നതു പോലെ ചില ദിവസങ്ങളിലേക്കോ, ആഴ്ചകളിലേക്ക് മാത്രം ആത്മീയ ജീവിതവും, ആരാധനയും, ഉപവാസവും, വാടകക്കെടുക്കുവാൻ തുനിയരുത്.

പ്രത്യേകിച്ച് ഞായറാഴ്ചകളിലും, ഉപവാസ പ്രാർത്ഥനാ വേളകളിലും, കൺവെൻഷൻ സീസണുകളിലും ആത്മീക ജീവിതം വാടകക്കെടുത്ത് ഭക്തനായി ചമയരുത്. സോദോമിൻ്റെ വെള്ളത്തിൽ മുങ്ങിത്താഴാതിരിക്കണമെങ്കിൽ അകത്തും, പുറത്തും കീൽ തേച്ചവരായി നാം മാറണം. ആരാധനയും, വിശുദ്ധിയും ആലയത്തിലും, കൺവെൻഷൻ ഗ്രൗണ്ടുകളിലും പൂഴ്ത്തി വെച്ചിട്ട് പിന്നെ എടുത്തോളാം, കണ്ടോളാം എന്നു പറഞ്ഞ് അവിടം വിട്ടു പോകുവാൻ തുനിയരുത്. അകത്തു നിറയുന്ന ആത്മികത വെളിയിൽ ജീവിക്കുവാൻ ഉള്ള ഊർജ്ജമായി പരിണമിക്കണം.

ആലയത്തിൻ്റെ നടുവിൽ കത്തുന്ന ആത്മാവിൻ്റെ തീ ഇരുട്ടിൽ വസിക്കുന്ന ജീവിതങ്ങൾക്ക് വെളിച്ചമായി പ്രകാശിക്കണം. ആരാധനയുടെ നടുവിൽ ഒഴുകുന്നതായ ആത്മീയ നദി അനേക വരണ്ട ഹൃദയങ്ങൾക്ക് ഒരു നീരുറവായി മാറണം. ആലയത്തിലെ ആത്മീയത അങ്ങാടിയിലും കാണണം. കപട സന്യാസികളും, കപട വിശ്വാസികളും, വ്യാജന്മാരും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു സമയമത്രേ ഇത്. ഈ നാളുകളിൽ ദൈവസഭയ്ക്ക് ആവശ്യം വലുതും, വിശാലവുമായ കെട്ടിടങ്ങളെക്കാൾ ക്രൂശിൻ്റെ നിന്ന ചുമന്നുകൊണ്ട് ആലിയത്തിൻ്റെ തൂണുകൾ ആയി നിൽക്കുന്നവരെയാണ്.

ഇവർ ഉടുപ്പിന് പുറകെ ഓടുകയില്ല, ഉടമസ്ഥനു വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവരത്രേ.

ദൈവം അന്വേഷിക്കുന്നത് ഒരു താൽക്കാലിക നിയമനം ലഭിച്ച ജോലിക്കാരനെ പോലുള്ള ഒരു താൽക്കാലിക വിശ്വാസിയെയോ, ചില മണിക്കൂറുകൾ മാത്രം ഒരുങ്ങി ചമഞ്ഞ് വന്ന് കൈകാലിട്ടടിക്കുന്ന, ആരാധനക്കാരനെയും അല്ല. അവനോടൊപ്പം എന്നും ഇരിക്കുന്നവനെയും, അവനിൽ വേരുന്നി വളരുന്നവരെയുമാണ് ദൈവം അന്വേഷിക്കുന്നത്. ഭക്തനായ പൗലോസ് തൻ്റെ ആഗ്രഹം വിളിച്ചറിയിച്ചു, അവനിൽ ഇരിക്കണം, (ഫിലിപ്പിയർ 3:10). അലിഞ്ഞുചേരുവാൻ കൊതിക്കുന്ന ഹൃദയം. ലോകത്തിൻ്റെ ഉന്നതികൾക്കോ, ഉയർച്ചകൾക്കോ കൊടുക്കുവാൻ കഴിയാത്തത് ദൈവം തൻ്റെ ജീവിതത്തിൽ പ്രകാശിപ്പിച്ചു കഴിഞ്ഞപ്പോൾ എല്ലാം ചവർ എന്ന് ഹൃദയത്തിൽ പാടി.

ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളുടെ കൂമ്പാരം ദൈവരാജ്യ പ്രവേശനത്തിനുള്ള ഒരു ഉറപ്പായി താൻ കണ്ടിരുന്നില്ല. എന്നാൽ ഇതിൻ്റ നടുവിൽ നിരാശയുടെ അങ്കി തന്നെ ചുറ്റാതെ വണ്ണം, സർവായുധ വർഗം ധരിച്ചു കൊണ്ട് തല ഉയർത്തിപ്പിടിച്ചു. ദുഃഖിതനെങ്കിലും സന്തോഷിക്കുന്നവനായി, ലോകത്തിൻ്റെ നടുവിൽ ജീവൻ്റെ വചനം പ്രമാണിച്ചുകൊണ്ട്, ഒരു ജ്യോതിസായി ക്രിസ്തുവിൻ്റെ നാളിലെ പ്രശംസയ്ക്കായി കാത്തിരുന്നു.

ജീവിതത്തിൽ ഉയർച്ചകളും, അർഹിക്കാത്ത നന്മകളും ദൈവം നമുക്ക് നൽകിയ ഈ യുഗത്തിൽ നമ്മുടെ ലക്ഷ്യം തെറ്റിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഒരു താൽക്കാലിക വിശ്വാസി മനോഭാവത്തോടെ ക്രിസ്തീയ ജീവിതത്തിൻ്റെ പോർക്കളത്തിൽ നാം ഇറങ്ങുകയാണെങ്കിൽ ദൈവസന്നിധിയിൽ നിന്ന് നമുക്കൊന്നും നേടുവാൻ സാധിക്കുകയില്ല. മനോഹരമായ ഒലിവ് തോട്ടങ്ങളും, ആടുമാടുകളും കണ്ടുകഴിഞ്ഞപ്പോൾ സ്വർഗീയ വിളിയുടെ ലക്ഷ്യം പലർക്കും തെറ്റി. ഇപ്പോൾ ദൈവഹിതം മാറ്റിവെച്ച് അനേകർ കിതച്ചുകൊണ്ട് ഓടുകയല്ലേ? ഇറങ്ങിത്തിരിച്ച അനേകർ മിസ്രിയിമിലേക്ക് പോകുവാൻ തിടുക്കം കാണിക്കുമ്പോൾ, ഭക്തൻ ആ മനോഹര ദേശം മുന്നിൽ കണ്ടു കൊണ്ട്, വില്ലാളികൾ വിഷമിപ്പിക്കുമ്പോഴും, വലം കൈകൊണ്ട് ഞാൻ നിന്നെ താങ്ങുമെന്ന് പറയുന്ന ശബ്ദത്തിനു മുമ്പിൽ കുനിയുകയാണ്.

എന്നുമെന്നും സാക്ഷ്യം ഉയർത്തിപ്പിടിക്കുന്ന വിശ്വാസ വീരന്മാർ, കാലാവസ്ഥ മാറുന്നത് പോലെ ആത്മീയ ജീവിതത്തെ മാറ്റുകയില്ല. ഇയ്യോബിനോട് ചേർന്ന് അവർ പറയുന്നു, അവൻ എന്നെ കൊന്നാലും, ഞാൻ അവനായി കാത്തിരിക്കും(ഇയ്യോബ്13 :15). ഈ നാളുകളിൽ നന്മകളും, കുമിളകൾ പോലുള്ള അനുഗ്രഹങ്ങളും മാത്രം കണ്ടുകൊണ്ട് ദൈവത്തെ സേവിക്കുന്ന ജീവിതങ്ങളെ അല്ല ദൈവം അന്വേഷിക്കുന്നത്. ഇവർ താൽക്കാലിക വാടക വിശ്വാസികളാണ്. ഇവർ ലജ്ജിച്ചു പുറത്തു പോകേണ്ടിവരും. വിടുവിച്ചാലും, ഇല്ലെങ്കിലും വിലാപുറത്ത് മുറിവേറ്റവനെ മരണപര്യന്തം വിശ്വസ്തതയോടെ സേവിക്കുമെന്ന് തീരുമാനമെടുക്കുന്നവരെ തമ്പുരാൻ മറക്കുകയില്ല. വല്ലപ്പോഴുമൊക്കെ കൊട്ടും, കുരവയും ഇട്ട് വിശ്വാസി ചമഞ്ഞ് നടക്കുകയും, ബഹുഭൂരിപക്ഷം സമയങ്ങളിൽ സോദോമിൻ്റെ മാലിന്യ കുഴിയിൽ കിടക്കുകയും ചെയ്യുന്നുവെങ്കിൽ അയ്യോ കഷ്ടം എന്നെ പറയാനുള്ളു.