സീൽ ആശ്രമം 26-ാം വാർഷികം ആഘോഷിച്ചു; പുതു വർഷത്തിലേക്ക് പ്രതിജ്ഞാബദ്ധതയോടെ

ഷാജി ആലുവിള

മുംബൈ: പൻവേൽ ആസ്ഥാനമായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സീൽ ആശ്രമത്തിൻ്റ ഇരുപത്തിയാറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുംബൈയിലെയും നവി മുംബൈയിലേയും തെരുവുകളിൽ നിന്നുമെടുത്ത നിരാലംബരും അശണരും മാറാരോഗികകളുമായവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സീൽ ആശ്രമം നടത്തിയ സേവനം പ്രശംസനീയമാണ്.

ഏത് പരിസ്ഥിതിയിലും, സ്വന്തം വീടും കൂടപിറപ്പുകളെയും നഷ്ടമായി തെരുവുകളിൽ അലഞ്ഞു നടക്കുന്ന ഒട്ടനവധി പേരെ ആശ്രമത്തിലെത്തിച്ച്‌ ചികിത്സയും സംരക്ഷണവും നൽകി യഥാർത്ഥ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചിട്ടുള്ള സീൽ ആശ്രമത്തിന്റെ പൊതു പ്രവർത്തനത്തെ ആർക്കും മറക്കാൻ പറ്റില്ലയെന്ന് സന്ദേശങ്ങളിൽ എല്ലാവരും സൂചിപ്പിച്ചു. മാത്രമല്ല അങ്ങനെയുള്ളവരുടെ ബന്ധുക്കളെ കണ്ടുപിടിച്ച് തിരികെ ഏൽപ്പിക്കുകയും ചെയ്യുന്ന മഹനീയ പ്രവർത്തനത്തെ പ്രകീർത്തിച്ച് അനേകർ ആശംസകൾ അറിയിച്ചു.

ഡോ. എബ്രഹാം മത്തായി മുഖ്യാതിഥിയായിരുന്നു. ശ്രി സിദ്ധാർത്ഥ് രാംകുമാർ IAS – (ഗസ്റ്റ് ഓഫ് ഓണർ) മമ്ത കുൽക്കർണി, ശ്രി മാർക്ക് ജോസഫ്, ഡോ. ഷൈൻ ജോസഫ്, അനീസാ ജോസഫ്, ചി. ആരൺ ജോസഫ് (USA) മീനാ പാതക് എന്നിവർ സംബന്ധിച്ചു. വിവിധ മേഖലയിലെ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു.

സമ്മേളനത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം റൂബന്റെ സാന്നിധ്യമായിരുന്നു. സീൽ ആശ്രമം എടുത്തുവളർത്തുമ്പോൾ റൂബെന് ഒൻപത് മാസം മാത്രമേ പ്രായമള്ളൂ. ഇപ്പോൾ ഇരുപത്തിയെഴു വയസ്സായി. സീലിന്റെ ആദ്യ കുഞ്ഞ് റൂബെനാണ്. സീൽ കുടുംബത്തിന്റെ ഈ സന്തോഷ നിമിഷങ്ങളിൽ റൂബനാണ് വാർഷിക കേക്ക് വിതരണം ചെയ്ത് സന്തോഷം പങ്കിട്ടത്.
ഈ വർഷം മുതൽ സീൽ ഗുഡ്നെസ്സ കേക്ക് എന്ന പേരിൽ കേരള ട്രഡീഷണൽ പ്ലം കേക്കിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ” ഗുഡ്നെസ്സ കേക്ക്” വിതരണം ചെയ്തു.

സീൽ ആശ്രമം- വർഷങ്ങളായി കൂടെയുണ്ടായ എല്ലാ സുഹൃത്തുക്കളോടും പിന്തുണക്കുന്നവരോടും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. ഭാവിയിലും കൂടുതൽ ജീവൻ രക്ഷിക്കാനും പുനരധിവാസം നൽകാനും കുടുംബങ്ങൾക്കൊപ്പം നിൽക്കാനും സീൽ ആശ്രമം പ്രതിജ്ഞാബദ്ധമാണെന്ന് സീൽ ആശ്രമ സ്ഥാപകൻ പാസ്റ്റർ കെ എം ഫിലിപ്പ് ഓർമിപ്പിച്ചു. പാസ്റ്റർ ജോസ് എബ്രഹാം നന്ദി അറിയിച്ച് പ്രാർത്ഥിച്ച് ആശിർവ്വാദം പറഞ്ഞു.