കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറെ നാളത്തെ വാദത്തിനൊടുവില്‍ വിധി ഡിസംബർ എട്ടിന് പുറപ്പെടുവിക്കും. എറണാകുളം പ്രിൻസിപ്പള്‍ സെക്ഷൻസ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.
കേസ് ചൊവ്വാഴ്ച പരിഗണിച്ച വിചാരണ കോടതിയാണ് വിധിപ്രഖ്യാപനത്തിന്റെ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയത്.
കേസിലെ വ്യക്തതാ വാദം പൂർത്തിയായതോടെയാണ് വിധി പ്രഖ്യാപനത്തിനുള്ള തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ കേസില്‍ വാദം കേള്‍ക്കുന്നതിനിടെകോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷൻ മറുപടി നല്‍കിയിരുന്നു.ഏഴു വർഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയാൻ പോകുന്നത്.
2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.
ദിലീപും പള്‍സർ സുനിയും ഉള്‍പ്പെടെ കേസിലാകെ ഒമ്ബത് പ്രതികളാണുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2017 നവംബറില്‍ കുറ്റപത്രം സമർപ്പിച്ചു. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂർത്തിയായത് നാലര വർഷം കൊണ്ടായിരുന്നു.
2024 ഡിസംബർ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ ഏഴിന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9-ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. തുടർന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂർത്തിയായി. ഏറെ ചർച്ചയായ ഈ കേസ്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് ഇടയാക്കി. ഇതിനുപുറമേ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും ഈ കേസാണ്.



