വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സ്കൂളില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികള്‍ 25 സ്കൂള്‍ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി.
സുരക്ഷാ സേന കുട്ടികളാക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കെബ്ബി സംസ്ഥാനത്തെ മാഗ പട്ടണത്തിലെ ഗവണ്മെൻ്റ് ഗേള്‍സ് കോംപ്രിഹെൻസീവ് സെക്കൻഡറി സ്കൂളില്‍ തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം നടന്നത്.
മോട്ടോർ സൈക്കിളുകളിലെത്തിയ തോക്കുധാരികള്‍ ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍, അവർ പോലീസുമായി വെടിവെപ്പ് നടത്തുകയും മതിലുകള്‍ ചാടിക്കടന്ന് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഈ ആക്രമണത്തിനിടെ സ്കൂളിലെ വൈസ് പ്രിൻസിപ്പല്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമാക്കാൻ കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറല്‍ വൈദി ഷൈബു നിർദേശം നല്കി.
നാല് വർഷത്തിനിടെ കെബ്ബി സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സ്കൂള്‍ തട്ടിക്കൊണ്ടുപോകലാണിത്. 2014-ല്‍ ചിബോക്കില്‍ 276 പെണ്‍കുട്ടികളെ ബോകോ ഹറാം തട്ടിക്കൊണ്ടുപോയയിരുന്നു. രാജ്യത്ത് ഉടനീളം 1,500-ല്‍ അധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയതിൻ്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ല. സംഭവത്തില്‍ ആരും തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.



