റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 42 ഉംറ തീർത്ഥാടകർ കൊല്ലപ്പെട്ടുവന്ന് റിപ്പോർട്ട്.
ഉംറ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഇന്ത്യയില്‍ നിന്നുള്ള തീർത്ഥാടകർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും ഹൈദരാബാദില്‍ നിന്നുള്ളവരാണെന്ന് പ്രാഥമിക വിവരങ്ങള്‍ പറയുന്നു
മുഫ്രിഹത്ത് എന്ന സ്ഥലത്ത് തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിരുന്നു. അപകടം സംഭവിക്കുമ്ബോള്‍ ബസില്‍ ഏകദേശം 20 സ്ത്രീകളും 11 കുട്ടികളും ഉണ്ടായിരുന്നു. ഉംറ തീർത്ഥാടനം പൂർത്തിയാക്കി മക്കയില്‍ നിന്ന് മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.
ബസിലെ മിക്ക യാത്രക്കാരും ഉറങ്ങിക്കിടക്കുമ്ബോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പ്രാദേശികമായി ലഭിച്ച വിവരങ്ങള്‍ പ്രകാരം 42 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, മരണസംഖ്യയും പരിക്കേറ്റവരുടെ നിലയും അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങള്‍ ഊർജ്ജിതമായി നടക്കുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ഈ ദാരുണമായ അപകടം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മദീനയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ വച്ചാണ് അപകടം നടന്നത്. കൂട്ടിയിടി ഉണ്ടായതിന് പിന്നാലെ ബസ് കത്തിയമർന്നതോടെ യാത്രക്കാർക്ക് രക്ഷപെടാൻ അവസരം ലഭിച്ചില്ലെന്നാണ് വിവരം.
സ്ഥലത്തെത്തിയ ദുരന്തനിവാരണ സേന സംഭവത്തെ ദാരുണമെന്നാണ് വിശേഷിപ്പിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചതിനാല്‍ കൊല്ലപ്പെട്ട ആളുകളെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു, പക്ഷേ അതിന്റെ കൂടുതല്‍ ഇതുവരെ അറിവായിട്ടില്ല. ബസില്‍ ആകെ 43 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അപകടം നടന്നയുടനെ സൗദി സിവില്‍ ഡിഫൻസും പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു. പിന്നാലെ വിവരമറിഞ്ഞ ഇന്ത്യൻ ഉദ്യോഗസ്ഥരും ഉംറ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളില്‍ സഹായിക്കുകയും നാട്ടിലുള്ള കുടുംബങ്ങള്‍ക്കുള്ള വിവരങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്‌തുവരികയാണ്.
അതിനിടെ വാർത്താ പുറത്തുവന്നതിന് പിന്നാലെ ഹൈദരാബാദിലെ അപകടത്തില്‍പെട്ട ആളുകളുടെ കുടുംബങ്ങള്‍ ഞെട്ടലിലാണ്. തീർത്ഥാടനത്തിന് പോയ പ്രിയപ്പെട്ടവരുടെ മരണവർത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബങ്ങള്‍. മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസിയേയും ട്രാവല്‍ ഏജൻസികളെയും സമീപിക്കുകയാണ് ഇവർ.



