സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊലീസ് സ്റ്റേഷനില്‍ വൻ പൊട്ടിത്തെറി; ഏഴു പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗർ: നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം. ഭീകരവാദികളില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടയാണ് വൻ പൊട്ടിത്തെറിയുണ്ടായത് .

പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും അടക്കം ഏഴു പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 27 പൊലീസുകാരും 3 സാധാരണക്കാരും ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു.

ഇന്നലെ രാത്രി 11:20 ഓടെയാണ് സംഭവം. അല്‍ഫലാഹ് മൊഡ്യൂളിന്റെ ഭാഗമായി ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത് എന്നാണ് സൂചന. സംഭവം ആകസ്മിക സ്ഫോടനമാണെന്നും ഭീകരാക്രമണമല്ലെന്നും ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്. എൻഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

അറസ്റ്റിലായ ഡോക്ടർ മുസമ്മില്‍ ഗയാനിയുടെ വാടക വീട്ടില്‍ നിന്നും പിടികൂടിയ 360 കിഗ്രാം അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.