ഹരിയാനയിലെ റോഹ്തക് ജില്ലയില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ തീവ്രഹിന്ദുത്വ വിഭാഗം തഞ്ഞുവച്ച് ഭീഷണിപ്പെടുത്തി ബൈബിള്‍ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ പുസ്തകങ്ങൾ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു.
കഴിഞ്ഞ ആഴ്ച നടന്നതായി കരുതുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ ക്രിസ്ത്യന്‍ സമുദായ അംഗങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ദൃശ്യങ്ങളും, ‘വഞ്ചകര്‍’ എന്ന് വിളിച്ചും ബൈബിളിനെ അഴുക്ക് എന്ന് പറയുന്നതും കേള്‍ക്കാം.
ചിലരെ വിശ്വാസം തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒരു ക്രിസ്ത്യനിയെന്ന് കരുതപ്പെടുന്ന വ്യക്തിക്ക് പെട്രോള്‍ കുപ്പി കൈമാറി, ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിനിടെ ഒത്തുകൂടിയ സംഘം ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കി ജയ്’ തുടങ്ങിയ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.



