തിരുച്ചിറപ്പള്ളി: പരിശീലനത്തിനായി ഉപയോഗിക്കുന്ന വിമാനം ദേശീയ പാതയിൽ അടിയന്തരമായി നിലത്തിറക്കി. തമിഴ്നാട്ടിലാണ് സംഭവം. ഒറ്റ എൻജിൻ വിമാനമാണ് സേലത്തുനിന്ന് പറന്നുയർന്നത്. തുടർന്ന് തിരുച്ചുറപ്പള്ളി- പുതുക്കോട്ട ദേശീയപാതയിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. എന്താണ് അടിയന്തര ലാൻഡിങ്ങിന് കാരണം എന്നത് വ്യക്തമല്ല. ഉദ്യോഗസ്ഥർ സ്ഥിതി പരിശോധിച്ചു വരികയാണെന്നും സുരക്ഷാ മുൻകരുതലുകൾ കൈക്കൊണ്ടതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന് ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം കാണാൻ നിരവധി പേർ എത്തുന്നുണ്ട്.



