മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ സയോൺ മീഡിയ ഗ്ലോബലിന്റെ ഓഫീസിന്റെയും സ്റ്റുഡിയോയുടെയും ഉദ്ഘാടനം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി നിർവഹിച്ചു. കർത്താവിൻ്റെ മടങ്ങിവരവിനായി സഭയെ ഒരുക്കുക എന്നും യുവജനങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സഭ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടന്ന സമ്മേളനത്തിന് വൈ.പി.ഇ. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി. എ. ജെറാൾഡ് സങ്കീർത്തന വായന നടത്തുകയും, ചാനലിന്റെ പ്രോഗ്രാം കോർഡിനേറ്റർ ജസ്റ്റിൻ വി. സാമുവേൽ സയോൺ മീഡിയ ഗ്ലോബലിന്റെ പ്രവർത്തന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ബിലിവേഴ്സ് ബോർഡ് ജനറൽ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ചാരിറ്റി ആൻഡ് പാസ്റ്റഴ്‌സ് വെൽഫയർ ബോർഡ് ഡയറക്ടർ പാസ്റ്റർ സജി എബ്രഹാം എന്നിവർ ആശംസ പ്രസംഗം നടത്തി. പാസ്റ്റർ ജോം സഖറിയ നന്ദി അറിയിച്ചു ശേഷം ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ
വൈ ജോസ് പ്രാർത്ഥിച്ചു.

സയോൺ മീഡിയ ഗ്ലോബലിൻ്റെ പ്രവർത്തന മേഖലകൾ കൺവെൻഷനുകൾ, വിവാഹങ്ങൾ, സംസ്കാര ശുശ്രൂഷകൾ, ക്യാമ്പുകൾ, സെമിനാറുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകളുടെ തത്സമയ സംപ്രേക്ഷണവും, ക്രിസ്തീയ പ്രഭാഷണങ്ങൾ, പോഡ്കാസ്റ്റുകൾ, സംഗീത നിർമ്മാണം എന്നിവയുമാണ്. കൂടാതെ ആത്മീയ മുന്നേറ്റത്തിന് ആവശ്യമായ ക്രിസ്തീയ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുക, വിവിധ പാസ്റ്റർമാരുടെ പ്രഭാഷണങ്ങൾ സംപ്രേഷണം ചെയ്യുക എന്നിവയും അതിൽ ഉൾപ്പെടും എന്ന് ഭാരവാഹികൾ അറിയിച്ചു.
ചാനലിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി, സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി, ബ്രദർ ജോയൽ ലാലിനെ സയോൺ മീഡിയ ഗ്ലോബലിൻ്റെ ഡയറക്ടർറായും, ജസ്റ്റിൻ വി സാമൂവേലിനെ പ്രോഗ്രാം കോർഡിനേറ്ററായും നിയമിച്ചു പാസ്റ്റർ ജോം സഖറിയ ഉൾപ്പെടെ ഉള്ള കമ്മറ്റി ചാനലിന് നേതൃത്വം നൽകും



