‘രോഗിയെ എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? പ്രാകൃതമായ നിലവാരം’; രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഹൃദ്രോഗി ആയ കൊല്ലം പന്മന സ്വദേശി വേണു (48) മരിച്ച സംഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ ഡ‍ോക്ടർ ഹാരിസ് ചിറയ്ക്കല്‍.

വേണുവിനെ തറയിലാണ് കിടത്തിയെന്നത് കുടുംബം ആരോപിച്ചിരുന്നു ഇതിനെതിരെയാണ് ഹാരിസ് ചിറയ്ക്കല്‍ രംഗത്തെത്തിയത്. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ചോദിച്ച അദ്ദേഹം, എങ്ങനെ രോഗിയെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകുമെന്നും ചോദ്യമുയർത്തി. നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. പ്രാകൃതമായ നിലവാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണക്കാർ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അധികൃതരുടെ അനാസ്ഥമൂലമാണ് വേണു മരിച്ചതെന്ന കുടുംബത്തിന്റെ പരാതി സത്യമാണെന്ന് തെളിയിക്കുന്ന ചികിത്സ രേഖകള്‍ പുറത്ത് വന്നു. വേണുവിന്റെ ക്രിയാറ്റിൻ ലെവല്‍ സാധാരണ നിലയിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതോടെ മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വാദം ആണ് പൊളിഞ്ഞത്. ആശുപത്രിയില്‍ ചികിത്സ കിട്ടാതെ തന്നെയാണ് വേണു മരണപ്പെട്ടതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ക്രിയാറ്റിൻ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതർ നല്‍കിയ വിശദീകരണം.

ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരൻ വേണു മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാൻ വേണു മരിച്ചതെന്ന് പരാതിയുമായി കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. വേണുവിന് ആവശ്യമായ ചികിത്സ ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുൻപ് വേണു തന്റെ സുഹൃത്തിന് ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. താൻ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു തന്റെ സുഹൃത്തിനോട് വ്യക്തമാക്കി പറയുന്ന ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തനിക്കെന്തെങ്കിലും പറ്റിയ ശബ്ദ സന്ദേശം പുറത്തുവിടണമെന്നും വേണു സുഹൃത്തിനോട് പറഞ്ഞത്.

ഹൃദ്രോഗിയായ വേണു കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവിടെ നിന്ന് രോഗാവസ്ഥ മൂർച്ഛിച്ചപ്പോഴായിരുന്നു എമർജൻസിയായി ആഞ്ചിയോപ്ലാസ്റ്റി ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തത്. എന്നാല്‍ ആശുപത്രിയിലെത്തിച്ച്‌ 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

സംഭവത്തില്‍ ആശുപത്രി അധികൃതർ നല്‍കിയ വിശദീകരണം ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സമയം കഴിഞ്ഞപ്പോഴായിരുന്നു വേണുവിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ്. അതിനാല്‍ മരുന്ന് ചികിത്സ മാത്രമാണ് നല്‍കിയതെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച്‌ എല്ലാ ചികിത്സയും നല്‍കിയെന്നുമാണ് ഡോക്ടർമാരുടെ അവകാശ വാദം. തിരു. മെഡി. കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് ആണ് മാധ്യമങ്ങളോട് സംസാരിച്ചത്. വേണുവിന് ചികിത്സ നല്‍കിയതില്‍ വീഴ്ചയില്ലെന്നും വേദന തുടങ്ങി 24 മണിക്കൂർ ശേഷമാണ് എത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഹൃദയാഘാതം എന്ന് സ്ഥിരീകരിച്ചു. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉള്‍പ്പെടെ നല്‍കാൻ സാധിച്ചില്ല. മറ്റ് മരുന്നുകള്‍ നല്‍കി. അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സ നല്‍കിയെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്.

അതേസമയം വേണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കിയിരുന്നു. വേണുവിന് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല എന്നാണ് മെഡിക്കല്‍ കോളജ് അധികൃതർ ആവർത്തിക്കുന്നത് അജ്ഞിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നായിരുന്നു വാദം.. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികള്‍ സ്വീകരിക്കുക.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*