ജറൂസലം: 24 മണിക്കൂറിനിടെ 100ലേറെ പേരെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവില്‍ രണ്ട് ബന്ദികളുടെ മൃതദേഹം കൂടി ഹമാസ് കൈമാറി.
റെഡ് ക്രോസ് ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിനും തുടർന്ന് ബന്ധുക്കള്‍ക്കും കൈമാറും.
ജീവനോടെയുള്ള ബന്ദികളെ ഒന്നാം ദിവസം തന്നെ ഹമാസ് കൈമാറിയിരുന്നു. അവശേഷിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താൻ സമയമെടുക്കുമെന്ന് അറിയിച്ചിരുന്നു. ഈജിപ്തും റെഡ്ക്രോസ് അന്താരാഷ്ട്ര സംഘവും ഹമാസിനൊപ്പം മൃതദേഹങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. മൊത്തം 28 മൃതദേഹങ്ങളുള്ളതില്‍ 13 എണ്ണം കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ചവക്കായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
ആദ്യമായാണ് വിദേശ സംഘങ്ങളെ ഇസ്രായേല്‍ ഗസ്സയില്‍ അനുവദിക്കുന്നത്. ഈജിപ്തില്‍നിന്നെത്തിച്ച മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് പലയിടത്തും തിരച്ചില്‍. ഗസ്സയുടെ 84 ശതമാനം പ്രദേശവും സമ്ബൂർണമായി ഇസ്രായേല്‍ ബോംബിട്ടും നേരിട്ടുള്ള ആക്രമണത്തിലും നാമാവശേഷമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായതാണ് വെല്ലുവിളിയാകുന്നതെന്നാണ് ഹമാസ് വിശദീകരണം.




