ഹിജാബ് ധരിച്ചതിനെ ചൊല്ലി തർക്കം: കൊച്ചിയിലെ സ്കൂളിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ നൽകിയ ഹർജിയിലാണ് നടപടി. പ്രശ്നത്തെ തുടർന്ന് സ്കൂൾ രണ്ടു ദിവസമായി അ‌ടച്ചിരിക്കുകയാണ്.

ഒക്ടോബർ ഏഴിന് സ്കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അ‌നുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു തുടക്കം. ഹിജാബ് ധരിച്ചതിന് സ്കൂളിൽ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി. എന്നാൽ സ്കൂൾ ഡയറിയിൽ നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടി എടുത്തതെന്നാണ് സ്കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം.

ഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകിയതെന്നാണ് അധികൃതർ പറയുന്നത്. മറ്റ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതെന്നും സ്കൂൾ അധികൃതർ‌ പറഞ്ഞു. എന്നാൽ കുട്ടി നിർബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കൾ‌ സ്കൂള്‍ അധികൃതരോട് പറഞ്ഞത്.