ഗാസ സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിര്‍ണായക ചര്‍ച്ച ഈജിപ്തില്‍

വാഷിംങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

സമാധാന കരാർ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നല്‍കി.

‘ബന്ദികളുടെ മോചനത്തിനും സമാധാന കരാർ പൂർത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താല്‍ക്കാലികമായി ആക്രമണം നിർത്തിവച്ചതില്‍ ഞാൻ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാൻ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയർത്തുന്ന യാതാന്നും ഞാൻ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂർത്തിയാക്കാം. എല്ലാവരോടും നീതിപൂർവ്വം പെരുമാറും.’- അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം, ഗാസ സമാധാന കരാറില്‍ നടക്കാനിരിക്കുന്ന ചർച്ച നാളെ ഈജിപ്തില്‍ നടക്കും. അമേരിക്കൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി നാളെ ഈജിപ്തിലെത്തും. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ചർച്ച. 20 ഇന നിർദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു.

എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിർത്താൻ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിർദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയും ചെയ്തു. ട്രംപിന്റെ പദ്ധതി അംഗീകരിച്ച്‌ ബന്ദികളെ വിട്ടയക്കാൻ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.