കനത്ത മഴയും വൻ ഉരുൾപൊട്ടലും; ഡാർജിലിങ്ങിൽ വ്യാപക നാശം; 17 പേർ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങ്‌ ജില്ലയിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വ്യാപക നാശം. ശനിയാഴ്ച നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വൻ ഉരുൾപൊട്ടലുകളിൽ 17 പേർ മരിച്ചു. ഡാർജിലിങ്ങിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

ദുർഗ്ഗാ പൂജയ്ക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് നിരവധി വിനോദസഞ്ചാരികൾ ഡാർജിലിങ്ങിലേക്ക്‌ യാത്ര ചെയ്തിരുന്നു. റോഡുകൾക്ക് പലതും തകർന്നതിനാൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായതിനാൽ ഇവർക്ക് അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു. നിരവധി വീടുകൾ തകർന്നു.

മണ്ണിടിച്ചിലിനെ തുടർന്ന് പല പ്രധാന റോഡുകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടതായാണ് വിവരം. ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന റോഡും ഡാർജിലിങ്ങിനെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന റോഡും ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ ഗതാഗത തടസ്സം നേരിടുകയാണ്. ദുരന്ത ബാധിതമേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി നാളെ ഡാർജിലിങ്ങിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ തകർന്ന പാലങ്ങളും ഒലിച്ചുപോയ റോഡുകളും കാണാം. നദികൾ കരകവിഞ്ഞൊഴുകുകയാണ്.

മേഖലയിലെ കാലാവസ്ഥ നേപ്പാളിലും കനത്ത നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 22 പേരാണ് നേപ്പാളിൽ മരിച്ചത്. ഡാർജിലിങ്ങിലെ മരണങ്ങളിൽ താൻ വളരെയധികം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദുർഗാ പൂജയ്ക്ക് ശേഷം കൊൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് ഡാർജിലിങ്ങിലേക്ക് യാത്ര ചെയ്തത്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.