പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെ 2 ട്രില്യണ്‍ പൗണ്ട് നഷ്ടപരിഹാരം വേണമെന്ന് ബ്രിട്ടനോട് പലസ്തീൻ പ്രസിഡന്റ്

വെസ്റ്റ് ബാങ്ക്: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനു പിന്നാലെ ബ്രിട്ടനില്‍നിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തി.

1917-നും 1948-നും ഇടയില്‍ ബ്രിട്ടീഷുകാർ ഭരിച്ചതിന് നഷ്ടപരിഹാരമായി 2 ട്രില്യണ്‍ പൗണ്ട് ( ഏകദേശം 240 ലക്ഷം കോടി രൂപ) നല്‍കണമെന്നാണ് ആവശ്യം.

അതേസമയം, അംഗീകരം നല്‍കിയതിനു തൊട്ടുപിന്നാലെ പലസ്തീൻ ഈ ആവശ്യം ഉന്നയിച്ചത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഭിന്നത സൃഷ്ടിച്ചു. ചരിത്രവിരുദ്ധമായ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കരുതെന്ന് നിലപാട് എടുക്കുകയും ചെയ്തു. അംഗീകാരം തെറ്റായിരുന്നുവെന്ന് റിഫോം യുകെ നേതാവ് നൈജല്‍ ഫരാജ് പറഞ്ഞു. ലേബർ പാർട്ടിയിലെ ചില എംപിമാർ പലസ്തീനുള്ള അംഗീകാരം പ്രതീകാത്മകമാണെന്നും അത് പണം നല്‍കാൻ കാരണമാകുന്നില്ലെന്നും ഉറപ്പിച്ചു പറയുന്നു.

നിയമവിദഗ്ദ്ധരും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നില്ല. കോളനിവല്‍ക്കരണകാലത്ത് ബ്രിട്ടൻ അടക്കിഭരിച്ചിരുന്ന മിക്ക രാജ്യങ്ങളും നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് ഒരിക്കല്‍പോലും ഫലവത്തായിട്ടില്ല. എന്നാല്‍, പശ്ചിമേഷ്യയില്‍ പഴയ കോളനിരാജ്യം ആദ്യമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. എങ്കിലും, പലസ്തീനെ അംഗീകരിച്ച മറ്റു രാജ്യങ്ങളോടും നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

നഷ്ടപരിഹാര ആവശ്യം കോടതിയില്‍ വിജയിക്കാൻ സാധ്യതയില്ലെങ്കിലും രാജ്യാന്തരതലത്തില്‍ തങ്ങള്‍ക്കുള്ള നിയമസാധുത വർധിപ്പിക്കുമെന്ന വിശ്വാസത്തിലാണ് പലസ്തീൻ.

*ഐ. പി. സി പിളരുമോ ?*