കൊച്ചി: ഓപ്പറേഷന്‍ നുംഖോറിലൂടെ കേരളത്തില്‍നിന്ന് 36 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നു കസ്‌റ്റംസ്. ഭൂട്ടാനില്‍നിന്ന് കാറുകള്‍ കടത്തുന്ന സംഘത്തെ കണ്ടെത്തി.

ഭൂട്ടാനില്‍നിന്ന് കടത്തിയതില്‍ ഇരുന്നൂറോളം കാറുകള്‍ കേരളത്തിലുണ്ട്. വ്യാജരേഖ ചമച്ചാണു വണ്ടി എത്തിച്ചത്. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സോ ഫിറ്റ്‌നസോ ഇല്ല. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങളാണു കടത്തുന്നതെന്നും ഇതിനു പിന്നില്‍ വന്‍ റാക്കറ്റെന്നും കസ്‌റ്റംസ് കമ്മിഷണര്‍ ടി. ടിജു പറഞ്ഞു.
കോടികളുടെ നികുതി വെട്ടിപ്പാണു നടന്നിട്ടുള്ളത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതിയില്ല. ഭൂട്ടാനിലേക്കു വാഹനങ്ങള്‍ എത്തിച്ചു ഇന്ത്യയിലേക്ക് കടത്തുക ആയിരുന്നു രീതി. ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഭൂട്ടാനില്‍ ബിസിനസിനായി കൊണ്ടുവന്നു. വ്യാജ രേഖകളുണ്ടാക്കിയാണു വണ്ടികള്‍ എത്തിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ പേര് ദുരുപയോഗം ചെയ്‌തു. രേഖകള്‍ക്കായി പരിവാഹന്‍ വെബ്‌സൈറ്റില്‍ പോലും കൃത്രിമം കാണിച്ചുവെന്നും കസ്‌റ്റംസ് കമ്മിഷണര്‍ പറഞ്ഞു.
ഇന്ത്യ – ഭൂട്ടാന്‍ അതിര്‍ത്തിയിലൂടെ ഈ വാഹനങ്ങളില്‍ സ്വര്‍ണവും മയക്കുമരുന്നും കൊണ്ടുവരുന്നു. കാര്‍ വാങ്ങിയതും വിറ്റതും നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ്. 90 ശതമാനം വണ്ടികളും വ്യാജ രേഖ ഉപയോഗിച്ചാണു കടത്തിയത്. വന്‍ നികുതി വെട്ടിപ്പും കണ്ടെത്തി. മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ ആരുടെയും പേരില്‍ വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. ജി.എസ്.ടി, ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരും പ്രശ്‌നങ്ങള്‍ കണ്ടെത്തി. തീവ്രവാദ ഫണ്ടിങ്ങിന് ഉപയോഗിച്ചോ എന്നു പരിശോധിക്കുന്നു. മറ്റു സംസ്‌ഥാനങ്ങളിലും ഇത്തരം വാഹനങ്ങള്‍ ഉണ്ടാകും. രണ്ട് വര്‍ഷമായി ഇത്തരം ഇടപാടുകള്‍ നടക്കുന്നു. സമ്പര്‍ക്കാണു വാഹനം കൈമാറിയതെന്നും കസ്‌റ്റംസ് കമ്മിഷണര്‍ പറഞ്ഞു. ഇ.ഡി. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.
സിനിമാതാരങ്ങളുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലയ്‌ക്കല്‍, പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ റെയ്‌ഡ് നടത്തിയെന്നു കസ്‌റ്റംസ് അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു വാഹനങ്ങള്‍ കസ്‌റ്റഡിയില്‍ എടുത്തു. പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കസ്‌റ്റഡിയില്‍ എടുത്തിട്ടില്ല. എം.വി.ഡി., എ.ടി.എസ്. എന്നിവര്‍ പരിശോധനയില്‍ സഹകരിച്ചു.
ഉടമകള്‍ നേരിട്ടുഹാജരാകേണ്ടി വരും. രേഖകള്‍ കൃത്യമല്ലെങ്കില്‍ കള്ളക്കടത്ത് എന്ന നിലയില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും. കസ്‌റ്റംസ് നിയമം അനുസരിച്ചുള്ള പരിധി നോക്കിയേ അറസ്‌റ്റ് ഉണ്ടാകുമോ എന്നുപറയാനാകൂവന്നും കസ്‌റ്റംസ് കമ്മിഷണര്‍ അറിയിച്ചു.
കോയമ്പത്തൂര്‍ കേന്ദ്രമാക്കിയ സംഘമാണിതിന് ഇതിനുപിന്നില്‍. പ്രഥമ ദൃഷ്‌ട്യാ ഭൂട്ടനില്‍ നിന്നു കൊണ്ടവന്നതാണെന്നു ബോധ്യപ്പെട്ടതിനാലാണു വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുത്തത്. ഭൂട്ടാന്‍ സൈന്യത്തിന്റേതാണോ എന്നു വ്യക്‌തമല്ല. ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു വിവരം കൈമാറും. ഭൂട്ടാനിലേക്കു വാഹനം ഇറക്കുമതി ചെയ്യാന്‍ തീരുവ കുറവാണ്. കേസ് അന്വേഷണത്തിന് ആവശ്യമെങ്കില്‍ എന്‍.ഐ.എ. സഹായവും തേടുമെന്നും കമ്മിഷണര്‍ വിശദീകരിച്ചു.




