ഒടിഞ്ഞ അസ്ഥികള്‍ ‘ഒട്ടിക്കാൻ’ മൂന്ന് മിനിറ്റ്; ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ചൈനീസ് ഗവേഷകര്‍

ബീജിംഗ്: ഓർത്തോപീഡിക് ചികിത്സാ രംഗത്ത് ഒരു പുതിയ വഴിത്തിരിവായി മാറാൻ സാധ്യതയുള്ള ഒരു കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ.

ഒടിഞ്ഞ അസ്ഥികള്‍ മൂന്ന് മിനിറ്റിനുള്ളില്‍ സുഖപ്പെടുത്താൻ ശേഷിയുള്ള ഒരു മെഡിക്കല്‍ ‘പശ’ (adhesive) ആണ് ഷെജിയാങ് പ്രവിശ്യയിലെ ഗവേഷകരുടെ സംഘം വികസിപ്പിച്ചെടുത്തത്. ‘ബോണ്‍-02’ എന്ന് പേരിട്ടിരിക്കുന്ന ഈ പശ ഓർത്തോപീഡിക് ശസ്ത്രക്രിയകളുടെ ഭാവി മാറ്റിയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടലിനടിയിലുള്ള പാറകളിലും പാലങ്ങളിലും മുത്തുച്ചിപ്പികള്‍ എങ്ങനെയാണ് മുറുകെപ്പിടിക്കുന്നതെന്ന് നിരീക്ഷിച്ചതില്‍ നിന്നാണ് ഈ ആശയം ലഭിച്ചതെന്ന് സർ റണ്‍ റണ്‍ ഷാ ആശുപത്രിയിലെ അസോസിയേറ്റ് ചീഫ് ഓർത്തോപീഡിക് സർജനും പദ്ധതിയുടെ നേതാവുമായ ലിൻ സിയാൻഫെങ് പറഞ്ഞു. രക്തം നിറഞ്ഞ സാഹചര്യങ്ങളില്‍ പോലും കൃത്യമായ ‘ഫിക്സേഷൻ’ അഥവാ ഉറപ്പിക്കല്‍ സാധ്യമാക്കുന്നതാണ് ഈ പശ. സാധാരണ പശകള്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ ഇത് സാധ്യമാകാറില്ല. പരമ്ബരാഗത ലോഹ ഇംപ്ലാന്റുകളില്‍ (ശസ്ത്രക്രിയയിലൂടെ ശരീരത്തില്‍ വെക്കുന്ന ലോഹഭാഗങ്ങള്‍) നിന്ന് വ്യത്യസ്തമായി, അസ്ഥി സുഖപ്പെടുമ്ബോള്‍ ഈ പശ സ്വാഭാവികമായും ശരീരം ആഗിരണം ചെയ്യുന്നു. അതിനാല്‍, ഇത് നീക്കം ചെയ്യാനായി മറ്റൊരു ശസ്ത്രക്രിയയുടെ ആവശ്യം വരുന്നില്ല.

‘ബോണ്‍-02’ ഇതുവരെ 150-ല്‍ അധികം രോഗികളില്‍ പരീക്ഷിച്ചു കഴിഞ്ഞു. ലബോറട്ടറി ഫലങ്ങള്‍ സുരക്ഷയിലും ശക്തിയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സാധാരണയായി സ്റ്റീല്‍ പ്ലേറ്റുകളും സ്ക്രൂകളും ഉപയോഗിക്കുന്ന ശസ്ത്രക്രിയകള്‍ ഈ പശ ഉപയോഗിച്ച്‌ മൂന്ന് മിനിറ്റിനുള്ളില്‍ പൂർത്തിയാക്കാൻ സാധിച്ചതായി ഗവേഷകർ പറയുന്നു. ഈ പശ ഉപയോഗിച്ച്‌ ഒട്ടിച്ച അസ്ഥികള്‍ക്ക് ഏകദേശം 400 പൗണ്ടിലധികം ബോണ്ടിംഗ് ഫോഴ്‌സും (ബന്ധിപ്പിക്കാനുള്ള ബലം), ഏകദേശം 0.5 MPa ഷിയർ ശക്തിയും (മുറിച്ചുമാറ്റാനുള്ള ബലം), ഏകദേശം 10 MPa കംപ്രസ്സീവ് ശക്തിയും (മർദ്ദം താങ്ങാനുള്ള കഴിവ്) പ്രകടിപ്പിക്കാൻ സാധിച്ചുവെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. ഈ ഫലങ്ങള്‍ ഭാവിയില്‍ ഈ പശ പരമ്ബരാഗത ലോഹ ഇംപ്ലാന്റുകള്‍ക്ക് പകരമായി ഉപയോഗിക്കാനാകുമെന്ന് സൂചിപ്പിക്കുന്നു. കൂടാതെ, ഇത് അണുബാധയുടെയും മറ്റേതെങ്കിലും പ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.

നിലവില്‍, ഒടിവുകള്‍ക്ക് അസ്ഥി സിമന്റുകളും ‘ഫില്ലറുകളും’ (വിള്ളലുകള്‍ അടയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുക്കള്‍) ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയൊന്നും യഥാർത്ഥ പശകളായി പ്രവർത്തിക്കുന്നില്ല. 1940-കളില്‍ ജെലാറ്റിൻ, എപ്പോക്സി റെസിനുകള്‍, അക്രിലേറ്റുകള്‍ എന്നിവ ഉപയോഗിച്ച്‌ അസ്ഥി പശ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും, ശരീരത്തിന് യോജിക്കാത്തതിനാല്‍ ഈ ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതിന്റെ ഫലപ്രാപ്തി സ്ഥിരീകരിക്കുകയാണെങ്കില്‍, ഓർത്തോപീഡിക് പരിചരണത്തില്‍ ‘ബോണ്‍-02’ ഒരു വലിയ കുതിച്ചുചാട്ടം നടത്തുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് രോഗികള്‍ക്ക് പരമ്ബരാഗത ശസ്ത്രക്രിയയെക്കാള്‍ വേഗതയേറിയതും വേദന കുറഞ്ഞതുമായ ഒരു ചികിത്സാരീതി നല്‍കുന്നു.