തെല്‍ അവിവ്: ബന്ദിമോചനത്തിനും വെടിനിർത്തലിനും തടസം നിന്നത് ഖത്തറിലെ ഹമാസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലുമായി ഇസ്രായേല്‍ പ്രധാനന്ത്രി നെതന്യാഹു.
ബന്ദികളെ മുഴുവൻ മോചിപ്പിച്ചും ഹമാസിനെ ദുർബലപ്പെടുത്തിയുമല്ലാതെ ഇനി വെടിനിർത്തല്‍ ചർച്ചക്ക് സാധ്യത കുറവാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 62 പേർ കൊല്ലപ്പെട്ടു.
ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ന്യായീകരിച്ച് വീണ്ടും നെതന്യാഹു. ബന്ദികളുടെ മോചനവും യുദ്ധവിരാമവും ലക്ഷ്യമിട്ട് നടന്ന എല്ലാ ശ്രമവും തകർത്തത് ഖത്തറില്‍ കഴിയുന്ന ഹമാസ് നേതാക്കളാണെന്ന് നെതന്യാഹു ആരോപിച്ചു. എന്നാല്‍ ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ആരും സന്തുഷ്ടരല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞു. സംഭവിച്ചതു സംഭവിച്ചു. ദോഹ ആക്രമണത്തില്‍ മേഖലയിലെ രാഷ്ടട്രങ്ങള്പ്രകടിപ്പിച്ച നടുക്കം സ്വാഭാവികമാണെന്നും റൂബിയോ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ വെടിനിർത്തല്‍ ചർച്ച മുന്നോട്ടു പോകാൻ സാധ്യത കുറവാണെന്ന് പറയാനും യുഎസ് സ്റ്ററ്റ് സെക്രട്ടറി മറന്നില്ല. ബന്ദികളെ മുഴുവൻ മോചിപ്പിക്കുക, ഹമാസിനെ ദുർബലപ്പെടുത്തുക എന്നിവ കൂടാതെ തുടർ ചർച്ചകള്‍ എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗസ്സ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം കൂടുതല്‍ രൂക്ഷമായി. ഇന്നലെ മാത്രം 15 കെട്ടിടങ്ങളും താല്‍ക്കാലിക താമസകേന്ദ്രങ്ങളും ഇസ്രായേല്‍ ബോംബിട്ട് തകർത്തു. ഇന്നലെ കൊല്ലപ്പെട്ട 62 പേരില്‍ 51 ഉം ഗസ്സ സിറ്റിയില്‍ കഴിഞ്ഞിരുന്നവരാണ്. ലക്ഷങ്ങളാണ് പ്രദേശത്തു നിന്ന് ദിക്കറിയതെ പലായനംചെയ്യുന്നത്. സ്ഥിതി അത്യന്തം ആപത്കരമായി മാറിയെന്ന് യുഎൻ ഏജൻസികളും ആംനസ്റ്റി ഇന്റർനാഷനലും അറിയിച്ചു. അതിനിടെ, ഗസ്സയിലെ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ഫലസ്തീനികളുടെ എണ്ണം 200,000 കവിഞ്ഞതായി മുൻ ഇസ്രായേലി സൈനിക കമാൻഡർ ഹെർസി ഹാലേവി പറഞ്ഞു.



