സോഫിയ (ബള്‍ഗേറിയ): യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്‌നിന്റെ വിമാനത്തിന്റെ ജിപിഎസ് സിഗ്നല്‍ റഷ്യയുടെ സൈബർ ആക്രമണത്തിലൂടെ തടസ്സപ്പെട്ടതായി റിപ്പോർട്ട്.
ബള്‍ഗേറിയൻ ആകാശത്ത് വെച്ചാണ് സംഭവം. റഷ്യക്കെതിരായ യൂറോപ്യൻ യൂണിയന്റെ നിലപാടുകള്‍ക്ക് ഉർസുല നേതൃത്വം നല്‍കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്‌ൻ സഞ്ചരിച്ച വിമാനം ബള്‍ഗേറിയക്ക് മുകളിലൂടെ പറക്കുമ്ബോള്‍ അതിന്റെ ജിപിഎസ് സിഗ്നല്‍ പെട്ടെന്ന് നിലച്ചു. വിമാനത്തിന്റെ ജിപിഎസ് സംവിധാനത്തെ റഡാർ ജാമറുകള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ വക്താവ് അരിയാന പോഡെസ്റ്റ് സ്ഥിരീകരിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി ബള്‍ഗേറിയയിലെ പ്ലോവ്ഡിവ് വിമാനത്താവളത്തില്‍ ഇറങ്ങി.
റഷ്യയും ബെലറൂസുമായി അതിർത്തി പങ്കിടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിലായിരുന്നു ഉർസുല വോണ്‍ ഡെർ ലെയ്‌ൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിന്റെ കടുത്ത വിമർശകയായ ഉർസുലയുടെ യാത്രയെ തടസ്സപ്പെടുത്താൻ റഷ്യ നടത്തിയ സൈബർ നീക്കമായാണ് ഇതിനെ കാണുന്നത്. ബള്‍ഗേറിയൻ അധികൃതരും ഈ ജിപിഎസ് തടസ്സത്തിന് പിന്നില്‍ റഷ്യയാണെന്ന് സംശയിക്കുന്നുണ്ട്.
റഷ്യ പതിവായി ഈ മേഖലയിലെ വിമാനങ്ങളുടെ ജിപിഎസ് സിഗ്നലുകള്‍ക്ക് തടസ്സമുണ്ടാക്കാറുണ്ടെന്ന് നേരത്തേയും റിപ്പോർട്ടുകളുണ്ടായിരുന്നു. പോളണ്ടിലെയും ജർമ്മനിയിലെയും ഗവേഷകർ നടത്തിയ ഒരു പഠനത്തില്‍, രഹസ്യ കപ്പലുകള്‍ ഉപയോഗിച്ച് റഷ്യ ഇത്തരം ജാമിംഗ് ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവം യൂറോപ്യൻ യൂണിയൻ പ്രതിരോധ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നതായി യൂറോപ്യൻ യൂണിയൻ വക്താവ് അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ബള്‍ഗേറിയൻ തലസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍, വ്‌ളാഡിമിർ പുതിനെ “വേട്ടക്കാരൻ” എന്ന് വിശേഷിപ്പിച്ച ഉർസുല, പ്രതിരോധത്തിലൂടെ മാത്രമേ അദ്ദേഹത്തെ നേരിടാൻ കഴിയൂ എന്നും കൂട്ടിച്ചേർത്തു.



