അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 800 മരണം. റിക്ടർ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
സംഭവത്തില്‍ 2,500 ഓളം പേർക്ക് പരുക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂചലനം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.
ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകർന്നു. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്നും മോദി എക്സില്‍ കുറിച്ചു. പരുക്കേറ്റവർ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും, ദുരിതബാധിതർക്കു സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രതിവിധികളുമേകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക സമയം രാത്രി 11.47 നായിരുന്നു വൻ ഭൂചലനം ഉണ്ടായത്. ഭൂകമ്ബത്തിനു പിന്നാലെ 13 തുടർചലനങ്ങളും ഉണ്ടായി. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. ഒരു ഗ്രാമത്തിലെ 30 ത്തോളം പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കുനാർ പ്രവിശ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവരം. നൂർ ഗുല്‍, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്ന് കുനാർ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. നൂറുകണക്കിന് വീടുകള്‍ നിലംപൊത്തുകയോ കേടുപാടുകള്‍ സംഭവിച്ചു.
ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂചലനത്തിലുണ്ടായ മരണങ്ങളില്‍ നരേന്ദ്ര മോദി അനുശോചനവും രേഖപ്പെടുത്തി.
‘അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ അനേകമാളുകള്‍ക്ക് ജീവൻ നഷ്ടമായതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ ഇന്ത്യ തയ്യാറാണ്’, നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.



