ക്ഷമിക്കണം. ഇങ്ങനെ ഒരു ശീർഷകം ഇടേണ്ടി വന്നതിൽ. യോഗങ്ങളിലെ പാസ്റ്റർമാരുടെ ‘ നീ ‘ വിളി കേട്ടു മടുത്തു. വല്യപ്പന്മാർ ഇരിക്കുന്ന സദസിൽ വന്നാണ് കിളുന്ത് പിള്ളേരുടെ ആക്രോശങ്ങളും അട്ടഹാസങ്ങളും. ‘ ‘ ‘പരിശുദ്ധാത്മാവിൻ്റെ നിറവിലാണ് ‘ ഇവറ്റകളുടെ ഈ ചിറകിട്ടടി. ഭാഷ അറിയില്ല. മലയാള വാക്കുകളുടെ അർത്ഥവും വ്യാകരണവും അറിയില്ല. ഭാഷ കൊണ്ട് മറ്റുള്ളവരെ ബഹുമാനിക്കാനുമറിയില്ല. ബൈബിൾ ‘ സെമിനാരിയിൽ ‘ നിന്നും എം.റ്റിഎച്ച് എടുത്തതാണത്രേ.
‘ നീ ‘ കട്ടപ്പൊ’ ഹ ‘ യാണ്. ‘ നിൻ്റെ ‘ പോക്ക് ശരിയല്ല. ‘ നീ ‘ എവിടെയാണ്. ‘ നിൻ്റെ’ ജീവിതം ശരിയല്ല. ‘ നീ ‘ മാനസാന്തരപ്പെടണം. ‘ നീ ‘ മടങ്ങിവരണം. ‘ നീ ‘ വിശുദ്ധിയിൽ ജീവിക്കണം.
സഭാനേതാക്കന്മാർ പോലും ബൗദ്ധിക സദസുകളിൽ നിന്ന് ‘ നീ ‘ എന്ന് വിളിച്ച് മുമ്പിലിരിക്കുന്നവരെ അവഹേളിക്കാറുണ്ട്. ഇങ്ങനെ പ്രസംഗിക്കുന്ന അന്തർദേശീയ വചനത്തൊഴിലാളിയോട് ‘ നിനക്ക് ‘ സുഖമാണോ എന്ന് ചോദിച്ചാൽ എങ്ങനെയിരിക്കും ?
ഇങ്ങനെ ചോദിക്കുന്ന ആൾ പ്രസംഗകനെക്കാൾ പ്രായം കുറഞ്ഞ ആളായാലോ? പ്രായവും തൊഴിലിൻ്റെ ഏറ്റക്കുറച്ചിലും ശുശ്രൂഷകന്മാരുടെ സ്ഥാനമാനങ്ങളനുസരിച്ചുമൊക്കെയാണ് നാം അവരെ സംബോധന ചെയ്യുന്നത്. പത്ത് വയസുകാരൻ സ്വന്തം സഭാപാസ്റ്ററെ കാണുമ്പോൾ ‘ നിനക്ക് ‘ സുഖമാണോ എന്ന് ചോദിച്ചാൽ എങ്ങനെ ഇരിക്കും. ആ വികാരം തന്നെയാണ് 30 കാരനോ 40 കാരനോ സദസിൽ ഇരിക്കുന്ന 70 ഉം 80 ഉം കഴിഞ്ഞവരെ നോക്കി ‘ നീ ‘ ഉണരുക എന്ന് പ്രസംഗിക്കുമ്പോൾ തോന്നുക.
പല പ്രാവശ്യം ഈ വിഷയം ഞങ്ങൾ പ്രസംഗകരുടെ മുമ്പിൽ ലേഖനമായി ക്രൈസ്തവ ചിന്തയിൽ അവതരിപ്പിച്ചിട്ടുണ്ട്, നേരിട്ട് പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം ശ്രദ്ധിക്കാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. പിന്നെപ്പറയുന്നത് ശീലിച്ച് പോയി എന്നാണ്. വായനയില്ല, പഠനമില്ല. അതാണിതിൻ്റെയൊക്കെ കുഴപ്പം. എത്ര വായിക്കുന്നുവോ അത്രയും പദസമ്പത്ത് കരഗതമാകും. വായന നല്ല ഭാഷ നമുക്ക് സമ്മാനിക്കും, ഒപ്പം അറിവും.
അതുകൊണ്ട് പ്രസംഗിക്കുമ്പോൾ നീ എന്നിടത്ത് ‘നിങ്ങൾ ‘ എന്നേ ഇനി സംബോധന ചെയ്യാവൂ. നാം, നമുക്ക്, നമ്മുടെ, നമ്മൾ എന്നീ വാക്കുകൾ പ്രസംഗ മദ്ധ്യേ ഉപയോഗിക്കുമ്പോൾ പ്രസംഗകൻ സദസുമായി ഇഴുകിച്ചേരുകയാണെന്നോർക്കണം. പ്രസംഗകനെ നോക്കിയിരിക്കുന്ന ജനത്തിന് അദ്ദേഹത്തിനോടുള്ള ബഹുമാനം കൂടുകയും ചെയ്യും.
സമപ്രായക്കാരെയും പ്രായം കുറഞ്ഞവരെയും എങ്ങനെയും സംബോധന ചെയ്യാം , ഉറ്റ ചങ്ങാതികളാണെങ്കിൽ . അതും പരസ്യമായി പാടില്ല. പൊതു ആരാധനായോഗത്തിൽ എഴുന്നേറ്റ് നിന്ന് നീ എന്ന് നോക്കി സദസിലിരിക്കുന്നവരെ വിളിച്ചാൽ അവരോട് സദസിനും പറയാം ‘ നീ വിളി വേണ്ടാ’ എന്ന്.



