ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഒരു സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. മിനിയാപോളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്കൂളില്‍ കുര്‍ബാനയ്ക്ക് ഇടയിലായിരുന്നു വെടിവെയ്പ്പ്. അക്രമി സ്വയം വെടിവച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. കറുപ്പ് വേഷം ധരിച്ചെത്തിയ അക്രമി സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് പള്ളിയുടെ കണ്ണാടി ജനാലയിലൂടെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
വെടിവെപ്പില്‍ പരിക്കേറ്റ അഞ്ച് കുട്ടികള്‍ മിനിയാപോളിസിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദ്യം നടന്ന വെടി വെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, നഗരത്തില്‍ രണ്ട് വെടിവെപ്പുകള്‍ കൂടി നടന്നു, അതില്‍ രണ്ട് പേര് മരിച്ചു. 1923-ല്‍ സ്ഥാപിതമായ പ്രീ-കിന്ഡര്ഗാര്ട്ടന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഈ സ്കൂളില്‍ ബുധനാഴ്ച രാവിലെ 8:15-ന് കുര്‍ബാന നിശ്ചയിച്ചിരുന്നതായി അതിന്റെ വെബ്സൈറ്റില്‍ പറയുന്നു. തിങ്കളാഴ്ചയായിരുന്നു സ്കൂള്‍ തുറന്നത്.
വെടിവെപ്പിനെ തുടര്‍ന്ന് കുട്ടികളെയെല്ലാം പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചു. പല കുട്ടികളും പൊട്ടിക്കരയുന്നുണ്ടായിരുന്നു. അവരുടെ ശരീരമാകെ ചോരയില്‍ മുങ്ങിയിരുന്നു. ഒരു കുട്ടിയുടെ കഴുത്തിലാണ് വെടിയേറ്റതെന്ന് ദൃക്സാക്ഷിയായി ഒരാള്‍ സ്റ്റാര്‍ ട്രിബ്യൂണിനോട് പറഞ്ഞു.
പൊലീസും എഫ്ബിഐയും മറ്റു ഫെഡറല്‍ ഏജന്റുമാരും സ്ഥലത്തെത്തി. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സംഭവത്തെ അപലപിച്ചു. വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
സംഭവം ഭീകരമെന്നാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം വിശേഷിപ്പിച്ചത്. ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു. മിനുസോട്ട ഗവര്‍ണര്‍ ടിം വാള്‍ട്സും, മിനിയപുലിസ് മേയര്‍ ജേക്കബ് ഫ്രേയും സ്ഥിതിഗതികള്‍ വിലയിരുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ നടന്ന മാരകമായ വെടിവെപ്പുകളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മിനിയാപോളിസിലെ ഒരു ഹൈസ്കൂളിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, നഗരത്തില്‍ നടന്ന മറ്റ് രണ്ട് വെടിവെപ്പുകളില്‍ രണ്ട് പേര് മരിച്ചു.




