‘ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാൻ’; വിവാദ പരാമര്‍ശവുമായി ബിജെപി എംപി അനുരാഗ് ഠാക്കൂര്‍

ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന വിവാദ പരാമര്‍ശം നടത്തി ബിജെപി എംപി അനുരാഗ് ഠാക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.

ആദ്യത്തെ ബഹിരാകാശ യാത്രികൻ ആരാണെന്ന് അനുരാഗ് ഠാക്കൂര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച്‌ നീല്‍ ആംസ്‌ട്രോങ് എന്ന് ഉത്തരം നല്‍കി. അപ്പോഴാണ് ആദ്യ ബഹിരാകാശ യാത്രികൻ ഹനുമാനാണെന്നാണ് താന്‍ കരുതുന്നതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്. ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച്‌ അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് പുറത്തേക്ക് നോക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. വിവാദ പരാമര്‍ശം നടത്തിയതിന് ശേഷം ഹനുമാനാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. എന്നാല്‍ ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് യൂറി ഗഗാറിനും ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത് നീല്‍ ആംസ്‌ട്രോങ്ങുമാണ്.\

‘ബഹിരാകാശത്ത് ആദ്യമായി യാത്ര ചെയ്തത് ആരാണ്? ഞാന്‍ കരുതുന്നത് അത് ഹനുമാനാണ് എന്നാണ്. നമ്മള്‍ ഇപ്പോഴും നമ്മളെ തന്നെയാണ് കാണുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുളള നമ്മുടെ പാരമ്ബര്യം, അറിവ്, സംസ്‌കാരം എന്നിവ നമ്മള്‍ മനസ്സിലാക്കാത്തിടത്തോളം ബ്രിട്ടീഷുകാര്‍ പഠിപ്പിച്ചുതന്നത് അത് പോലെ തന്നെ നാം തുടരും. അതിനാല്‍ നിങ്ങളെല്ലാവരും പാഠപുസ്തകങ്ങള്‍ക്കപ്പുറം നമ്മുടെ രാഷ്ട്രത്തെയും പാരമ്ബര്യത്തെയും അറിയണം. അപ്പോള്‍ നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാനാകും’. അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അതേസമയം, അനുരാഗിൻ്റെ പരാമര്‍ശത്തിനെതിരെ കനിമൊഴി എംപി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തെ തന്നെ അപമാനിക്കുകയാണ് അനുരാഗ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുളള അവഹേളനമാണെന്നും ശാസ്ത്രീയ മനോഭാവം വളര്‍ത്തണമെന്ന തത്വത്തെ അവഹേളിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുരാണത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിലല്ല പുരോഗതിയെന്നും ചരിത്രപരമായ വസ്തുതകളും ഐതീഹ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയുന്ന പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് കനിമൊ‍ഴി പറഞ്ഞു.