ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ‘ഇന്ത്യാ’ സഖ്യം. ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ‘ഇന്ത്യാ’ സഖ്യം എട്ടിടത്ത് വിജയിക്കുകയും രണ്ടിടത്ത് ലീഡ് ചെയ്യുകയുമാണ്. ബിജെപി രണ്ട് സീറ്റുകൾ നേടിയപ്പോൾ ബാക്കിയുള്ള സീറ്റിൽ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ടുനിൽക്കുന്നത്.
പശ്ചിമ ബംഗാളിലെ 4, ഹിമാചൽ പ്രദേശിലെ 3, ഉത്തരാഖണ്ഡിലെ 3, പഞ്ചാബ്, മധ്യപ്രദേശ്, ബിഹാർ, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലുമാണ് ജൂലൈ 10 ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയുടെ സഖ്യകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി), പശ്ചിമ ബംഗാളിലെ നാലിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വിജയിക്കുകയും ഒരിടത്ത് ലീഡ് ചെയ്യുകയുമാണ്. ഹിമാചൽ പ്രദേശിലെ മൂന്നിൽ രണ്ട് സീറ്റുകളും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളും കോൺഗ്രസ് നേടി. പ്രതിപക്ഷ മുന്നണിയിലെ എഎപി പഞ്ചാബിൽ ഒരു സീറ്റ് നേടി. ദക്ഷിണേന്ത്യയിലെ സഖ്യകക്ഷിയായ ഡിഎംകെ തമിഴ്നാട്ടിൽ ലീഡ് ചെയ്യുകയാണ്.
ഹിമാചൽ പ്രദേശിലും മധ്യപ്രദേശിലും ഓരോ സീറ്റിൽ വീതമാണ് ബിജെപി വിജയിച്ചത്. ബിഹാർ സീറ്റിൽ എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിനെ പിന്തള്ളി ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മുന്നിട്ടുനിൽക്കുന്നു.




