ട്രക്കിങ് സംഘത്തിൻെറ വാഹനങ്ങൾ മലമുകളിൽ കുടുങ്ങി

ഇടുക്കി :സാഹസീക വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ നെടുംകണ്ടത്തിനടുത്തുള്ള പുഷ്പകണ്ടം മേഖലയിലെ നാലുമലയില്‍ കുടുങ്ങി. അനധികൃത ട്രെക്കിങ് നടത്തിയ 27 വാഹനങ്ങളാണ് ഇവ. കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പ്പതംഗ സംഘത്തിന്റെ വാഹനങ്ങളാണ് കുടുങ്ങിയത്. അനധികൃത ട്രെക്കിങ് നടത്തിയ മുഴുവന്‍ വാഹനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം നല്‍കി.

വേനല്‍ക്കാലത്ത് പോലും അപകടങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ട്രെക്കിങ് നിരോധിച്ച മേഖലയാണിത്. 27 4 X 4 വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ മലയുടെ മുകളിലേക്ക് കയറിയത്. ശക്തമായ മഴ പെയ്തതോടെ ഇവര്‍ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. പിന്നീട് മലമുകളില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇവര്‍ താഴേക്ക് ഇറങ്ങി നാട്ടുകാരുടെ സഹായം തേടി.

അനധികൃത ട്രെക്കിങ്ങ് നടത്തിയതിനെ കുറിച്ച് പരിശോധിക്കാനായി മോട്ടോര്‍ വാഹന വകുപ്പും പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ചെങ്കുത്തായ മലയില്‍ പല വാഹനങ്ങളും അപകടാവസ്ഥയിലാണ് ഉണ്ടായിരുന്നത്. ജെ.സി.ബി ഉള്‍പ്പടെ എത്തിച്ച് റോഡ് വെട്ടിയ ശേഷമാണ് വാഹനങ്ങള്‍ പുറത്തെത്തിച്ചത്.