പാരിസ്: വിമാനത്തിൽ വെച്ച് മാക്രോണും ഭാര്യയും തമ്മിൽ സംഘർഷമുണ്ടായി എന്ന നിലയിൽ പ്രചരിക്കപ്പെട്ട ദൃശ്യങ്ങളിൽ വിശദീകരണവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരവും.
വിമാനത്തിൽ നടന്നത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും തമ്മിലുള്ള സ്നേഹപ്രകടനമായിരുന്നെന്നും തർക്കമായിരുന്നില്ലെന്നുമാണ് എലിസീ കൊട്ടാരം നൽകിയ വിശദീകരണം.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് മാക്രോൺ വിമാനമിറങ്ങിയത്. തുടർന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പായി ഫ്രഞ്ച് എയർഫോഴ്സ് വണിന്റെ ഡോർ തുറന്നതിന് പിന്നാലെ മാക്രോണിന്റെ മുഖത്തേക്ക് രണ്ട് കൈകൾ വരുന്നതിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിയുകയായിരുന്നു. ഇതാണ് പിന്നീട് ഇരുവരും തമ്മിലുള്ള സംഘർഷമെന്ന നിലയിൽ പ്രചരിക്കപ്പെട്ടത്.
ഇതിന് പിന്നാലെ ഫ്രഞ്ച് മാധ്യമങ്ങൾ മാക്രോണിന് ഭാര്യയുടെ അടികിട്ടിയെന്ന് വാർത്തകൾ പുറത്തുവിടുകയായിരുന്നു. എന്നാൽ തങ്ങൾ ഇരുവരും തമാശപറയുകയായിരുന്നെന്നാണ് ചോദ്യങ്ങൾക്ക് മറുപടിയായി മാക്രോൺ മാധ്യമങ്ങളോട് പറഞ്ഞത്. ഭാര്യയുമായുള്ള തമാശയെ ‘ഒരുതരം ഭൂമിശാസ്ത്രപരമായ ദുരന്തമായി’ ഉയർത്തിക്കാട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിന്റെ തുടക്കമായാണ് മാക്രോൺ വിയറ്റ്നാമിൽ എത്തിയത്. യാത്രയുടെ ഭാഗമായി അദ്ദേഹം ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദർശിക്കും.




