വാഷിങ്ടൺ വെടിവയ്പ്പ്: കൊല്ലപ്പെട്ട എംബസി ജീവനക്കാർ രണ്ട് പേരും വിവാഹിതരാകാനിരുന്നവർ; കൊലയാളിയെ പിടികൂടി

വാഷിങ്ടണ്‍: വാഷിങ്ടണില്‍ കാപ്പിറ്റല്‍ ജൂത മ്യൂസിയത്തിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് യുഎസിലെ ഇസ്രായേല്‍ സ്ഥാനപതി അറിയിച്ചു.

സംഭവത്തില്‍ ഷിക്കാഗോ സ്വദേശിയായ ഏലിയാസ് റോഡ്രിഗസ് എന്നയാളെ പിടികൂടിയിട്ടുണ്ട്. ഇയാളാണ് വെടിവെച്ചതെന്ന് യുഎസ് പോലീസ് പറയുന്നത്.

കസ്റ്റഡിയിലെടുത്ത പ്രതി കുറ്റംസമ്മതിച്ചതായും സ്വതന്ത്ര പലസ്തീന്‍ എന്ന് തുടർച്ചയായി വിളിച്ച് പറഞ്ഞതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ അപലപിച്ചു. ഇന്ത്യയും അപലപിച്ചു.

കൊല്ലപ്പെട്ട രണ്ടുപേരും വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അടുത്ത ആഴ്ച ഇവരുടെ വിവാഹ നിശ്ചയം ജെറുസലേമില്‍ നടക്കേണ്ടതായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അതിനായി യാറോണ്‍ ലിഷിന്‍സ്‌കി വിവാഹ മോതിരം വാങ്ങിവെച്ചിരുന്നതായും എംബസി അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കന്‍ ജൂതസമൂഹം മ്യൂസിയത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. ഗാസയിലെ ആളുകളെ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നാണ് സംഘാടകര്‍ പറയുന്നത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും