തിരിച്ചടിച്ച് ഇന്ത്യ;പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.

പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്.

അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സൈന്യവും രംഗത്ത് വന്നു. ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’..എന്നാണ് സൈന്യം എക്‌സില്‍ കുറിച്ചത്. ‘ തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടില്‍ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിട്ടുണ്ട്. കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം നടത്തിയത്‌.

ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ സൈന്യം വിശേഷിപ്പിച്ചത്.

പഹല്‍ഗാമിന് തിരിച്ചടി നല്‍കും മുന്നെ നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സമീപ ദിവസങ്ങളിലായി നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ മുന്നൊരുക്കമെന്ന നിലയില്‍ വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂര്‍ സമയത്തേക്കാണ് വിമാനത്താവളങ്ങള്‍ അടച്ചത്‌. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. പാകിസ്താനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു