പേ പിടിച്ച പട്ടികളും പിടിച്ച് കെട്ടാൻ തുടലെടുക്കാത്ത സർക്കാരും

• സാബു തൊട്ടിപ്പറമ്പിൽ

തെരുവ് നായ്ക്കളുടെ കടിയേറ്റ് പേ വിഷബാധ ഏൽക്കുകയും വാക്സിനുൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിട്ടും കുട്ടികൾ മരണപ്പെട്ട സംഭവങ്ങൾ ഇന്നലെയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇത് തക്കസമയത്ത് ചികിത്സകിട്ടാത്തതാണോ,പേ വിഷ ബാധയ്ക്കെതിരെ ഉള്ള വാക്സിൻെറ തകരാറാണോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഞരമ്പിൽ കടിയേറ്റതാണ് അപകകരമായതെന്ന ആശുപത്രിയുടെ വാദം എത്രകണ്ട് യുക്തി സഹമാണെന്നതും ചിന്തനീയമാണ്. അങ്ങനെയെങ്കിൽ ഞരമ്പിൽ കടിയേൽക്കുന്ന കേസുകളിൽ ഒരു പരിഹാരമില്ലയെന്ന ചോദ്യവും അവശേഷിക്കുന്നു. പാഞ്ഞടുക്കുന്ന ‘വെളിവ് കെട്ട’നായ എപ്പോൾ എവിടെയാണ് കടിക്കുകയെന്നത് ചിന്തിക്കാനേ പറ്റില്ല. അത്തരത്തിലൊരു തെരുവ് നായ ആക്രമണത്തിൽ ഞരമ്പിൽ കടിച്ചാൽ ‘പിന്നെ രക്ഷയില്ല’ എന്നൊരവസ്ഥയാണെങ്കിൽ ആരോഗ്യരംഗത്ത് നമ്മൾ ഒന്നാം നമ്പർ എന്ന് പറയുന്നതിലെ യുക്തി എന്ത്.

തെരുവ് നായ ആക്രമണങ്ങൾ വർദ്ധിച്ച് വരുമ്പോളും ഇതിന് തടയിടാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല എന്നതാണ്കാര്യം.

ഒരുവശത്ത് മൃഗ സ്നേഹികളുടെ ‘പട്ടിപ്രേമം’. മറുവശത്ത് നിയമങ്ങളുടെ നൂലമാലയും.
റോഡിലൂടെ ഒന്ന് നടന്ന് പോയി തെരുവ് നായ ആക്രമണങ്ങളുടെ ‘ഭീകരത’ അറിയുകയോ മനസിലാക്കുകയോ ചെയ്യുന്നവരായിരിക്കില്ല ബഹുഭൂരിപക്ഷം മൃഗ സ്നേഹികളും.

ഇന്നലെ മരണപ്പെട്ട കുട്ടിയുടെ മാതാവ് നെഞ്ച് പൊട്ടി പറഞ്ഞത്. തെരുവ് നായ താറാവിനെ കടിച്ച് കീറാൻ പാഞ്ഞടുത്തപ്പോൾ വളർത്ത് താറാവിനെ രക്ഷിക്കുന്നതിനിടയിലാണ് മകൾക്ക് കടിയേറ്റതെന്നാണ്. ഉടൻ തന്നെ ബന്ധപ്പെട്ട കേന്ദ്ര ങ്ങളിലെത്തിച്ച് ചികിത്സയും നൽകി. എന്നിട്ടും ഒന്നും ഫലം കണ്ടില്ല. സ്വന്തം വിട്ട് പരിസരത്ത് പോലും സുരക്ഷിതമല്ലെന്ന അവസ്ഥ സംഞ്ജാതമായിരിക്കുന്നു.

ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയതെന്നാണ് കണക്കുകൾ.

തെരുവുനായ്ക്കൾ പെരുകാൻ കാരണം ഫലപ്രദമായി അവയുടെ വന്ധ്യംകരണമടക്കമുള്ള മുൻ കരുതലുകളിലെ പാളിച്ചയാണ്. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2020-ൽ 1,60,483 പേർക്കും 2021- ൽ 2,21,379 പേർക്കും തെരുവ് നായയുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്. 2022- ൽ തെരുവുനായ ആക്രമണത്തിൽ വർധന ഉണ്ടായി. 2,88,866 പേരാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇതോടൊപ്പം മരണസംഖ്യയിലും വർധന ഉണ്ടായി.

തെരുവുനായ നിയന്ത്രണവും വന്ധ്യംകരണവും ഫലപ്രാപ്തിയിൽ എത്തിയില്ലെന്നതാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. തെരുവു നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോഴും അത് ഫലപ്രദമായില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 2021- ൽ 11 പേർക്കാണ് പേവിഷബാധയേറ്റ് ജീവൻ നഷ്ടമായത്. 2023-ൽ 25 പേരും 2024-ൽ 26 പേരും തെരുവുനായ ആക്രമണത്തെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്.

തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ പ്രാദേശികമായി ആലോചിച്ച ഷെൽട്ടറുകൾ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്. അത് കാര്യക്ഷമമാകാതിരുന്നതോടെ തെരുവുനായ്ക്കൾ പെറ്റുപെരുകാൻ തുടങ്ങി. തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടേയും പേവിഷബാധ ഏൽക്കുന്നവരുടേയും എണ്ണം വീണ്ടും വർധിക്കുകയാണ്. തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്.

ടൗണുകൾ കേന്ദ്രീകരിച്ചുള്ള മത്സ്യ -മാംസ സ്റ്റുളുകളുടെ ഗണ്യമായ വർദ്ധനവും ഇതിലെ മാല്യന്യങ്ങളുടെ ലഭ്യതയും തെരുവ് നായ്ക്കളൂടെ കേന്ദ്രീകരണ ഇടങ്ങളായി ടൗണുകളെ മാറ്റുന്നുണ്ട്. അതിവെളുപ്പിനെയോ, അർദ്ധരാത്രിയിലോ ഇത്തരം സ്ഥലങ്ങളിൽ എത്തിപ്പെടുന്നവർക്ക് നേരെ കൂട്ടമായിട്ടുള്ള കടുത്ത ആക്രമണമാണ് ഉണ്ടാകുന്നത്.

ജനങ്ങൾ ഒന്നിച്ചെത്തുന്ന പ്രധാന കേന്ദ്രങ്ങൾ ഒഴിവാക്കി ഒറ്റപ്പെട്ട സ്ഥങ്ങളിൽ ഇത്തരത്തിലുള്ള കച്ചവടകേന്ദ്ര നിർമ്മിതികൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് നടപ്പിലാക്കിയാൽ പ്രധാന വീഥികളിൽ നിന്നും ഇവറ്റകളെ അകറ്റി നിർത്താൻ ഒരു പരിധിവരെ കഴിയും.

ഇതുകൊണ്ട് തെരുവ് നായ ശല്യം മാറുമെന്നതല്ല, ജനങ്ങൾ നിത്യവും സംഘടിക്കുന്ന സ്ഥങ്ങളിൽനിന്ന് ഇവയെ അകറ്റിനിർത്താനും ജനങ്ങളുടെ സഞ്ചാര സ്വതന്ത്യത്തിന് വിഘ്നം ഉണ്ടാകാതെയും ഇരിക്കും. മറ്റെന്തിനേക്കാളും ജനങ്ങളുടെ ജീവനാണ് അതിപ്രധാനമെന്ന് സർക്കാർ തിരിച്ചറിയണം.

*ഐ. പി. സി പിളരുമോ ?*