മോദിജിക്കും ഉമ്മൻ ചാണ്ടിക്കും അഭിവാദ്യങ്ങൾ !!

കെ എൻ റസ്സൽ
(ചീഫ് എഡിറ്റർ, ക്രൈസ്തവ ചിന്ത)

കേരളത്തിൻെറ സ്വപ്ന പദ്ധതിയും വരുമാന സ്രോതസ്സിൽ ഗണ്യമായ മാറ്റം കൊണ്ടുവരുന്നതുമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.

സമർപ്പണത്തിന് വളരെ മുൻപ് തന്നെ തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്വാദവും ചൂടുപിടിച്ചു നിൽക്കുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം എന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസ് പാളയം വിട്ട് ഇടത് സഹയാത്രികനായി ചേക്കേറിയ കെ വി തോമസ്, ഉമ്മൻചാണ്ടിയുടെ പങ്കു വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.ഇതിന് ഒരു മറുവാദം ഉന്നയിച്ച് ഇന്നത്തെ ഭരണകക്ഷിയിൽ പ്പെട്ടവരാരും രംഗത്ത് വന്നില്ലെന്നുള്ളതും കാര്യങ്ങളെ കൂടുതൽ വ്യക്തത വരുത്തുന്നു.

പോർട്ടിന്റെ നിർമ്മാണ ചുമതല ഏറ്റെടുക്കാൻ അദാനി ഒഴിച്ച് ആരും രംഗത്തുണ്ടായിരുന്നില്ലെന്നുള്ളതാണ് വസ്തുത. അദാനി ആകട്ടെ കേരളത്തിലെ ചില സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതി ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ താൻ ഏറെ ആഗ്രഹിച്ച സ്വപ്ന പദ്ധതി എങ്ങനെയും യാഥാർത്ഥ്യമാക്കണമെന്ന് ഉമ്മൻചാണ്ടിയുടെ ‘കണിശ’ തയ്ക്കുമുന്നിൽ അദാനി വീണു.

ഡൽഹിയിലെ അടച്ചിട്ട ഒരു മുറിയിൽ വെറും 15 മിനിറ്റ് ചർച്ച. ആ ചർച്ചയുടെ പരിണിത ഫലമാണ് ഇന്ന് സഫലമാകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി.

ഇന്നത്തെ ഭരണപക്ഷവും അന്നത്തെ പ്രതിപക്ഷവും ആയ ഇടതുപക്ഷം നഖശിഖാന്തം എതിർത്ത പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.അന്ന് നിയമസഭയിൽ അടക്കം ഇത് വലിയ വാക്ക് പോരുകൾക്ക് വഴി വച്ചു.കോടികളുടെ അഴിമതിയാണ് സർക്കാരിൻെറ ലക്ഷ്യമെന്ന് ഇടതുപക്ഷം ആവർത്തിച്ചാരാപണമുന്നയിച്ചു.

എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞത് ഇങ്ങനെ: “ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് , ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും. യാതൊരു സംശയവും വേണ്ട.നിങ്ങൾക്ക് (പ്രതിപക്ഷത്തിന്) ഏതു നിർദ്ദേശവും വെയ്ക്കാം. സ്വീകരിക്കാവുന്നവ മുഴുവൻ സ്വീകരിക്കാൻ തയ്യാറാണ്. പക്ഷേ അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാം എന്ന് വെച്ചാൽ അത് നടക്കില്ല”. നിയമസഭയിൽ അന്ന് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി പറഞ്ഞ വാക്കുകൾ വളരെ വ്യക്തമായിരുന്നു. കർശനമായ താക്കീത് നൽകി പ്രതിപക്ഷത്തെ ഉമ്മൻ ചാണ്ടി കശക്കിയെറിഞ്ഞു.

അന്നാകട്ടെ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ‘കടൽക്കൊള്ള’ എന്ന തലക്കെട്ടിലാണ് അച്ചുനിരത്തി പ്രതിരോധിച്ചത്. വിഴിഞ്ഞത്ത് ലക്ഷ്യമിടുന്നത് 5,000 കോടിയുടെ ഭൂമി തട്ടിപ്പാണെന്നും എഴുതിപ്പിടിപ്പിച്ചു.

ദേശാഭിമാനി ‘അന്നെഴുതിയത്’ ഇങ്ങനെ ! ഇന്ന് ഇത് പിണറായിയുടെ പദ്ധതിയാണത്രേ !

ആ പദ്ധതിയാണ് ഇന്ന് ഇടതുപക്ഷത്തിന്റെ, പിണറായിയുടെ സ്വന്തം പദ്ധതി എന്ന നിലയിൽ കൊട്ടിഘോഷിച്ച് നടത്തിയത്. ഇവിടെ ഓർക്കേണ്ടത്, ഭരണസംവിധാനങ്ങൾ മാറുമ്പോൾ മുൻ നിശ്ചയിച്ച പദ്ധതികൾ പിന്നാലെ വരുന്ന സർക്കാരുകൾ നടപ്പിലാക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്.കാലം മാറി, ഭരണം മാറി വന്നപ്പോൾ ഇടതുപക്ഷം ആ പദ്ധതിയുടെ തുടർ പരിപാടികൾ നടപ്പിലാക്കി എന്ന് മാത്രം. നാട്ടുഭാഷ അനുസരിച്ച് ‘കുമ്പളം കുത്തിയാൽ മത്തൻ വിളയില്ല.’ ഇന്ന് അതിൻെറ പിതൃത്വം സ്വന്തമാക്കുന്നത് ഒരുതരം ഉളുപ്പില്ലായ്മയാണ്, അൽപ്പത്തരമാണ്.

അന്ന് കോൺഗ്രസ് മുഖ്യമന്ത്രി ഇതിന് വേണ്ടി പാടുപെട്ടു. ഇന്ന് അതേ കോൺഗ്രസ് പ്രതിപക്ഷത്ത് ഉണ്ട് . അവർ ശൂന്യരായിപ്പോയിട്ടില്ല.ഈ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിനെ പോലും ക്ഷണിച്ചില്ലെന്ന് അക്ഷന്ത്യമായ നെറികേടാണ്. ഇതിനെ രാഷ്ട്രീയപാപ്പരത്തം എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.

ഒരു തറക്കല്ല് മാത്രമാണ് ഉമ്മൻചാണ്ടി ഇട്ടെന്നാണ് സഖാക്കളുടെ ഇപ്പോഴത്തെ ഒരു മുട്ട് ന്യായും.എന്നാൽ കല്ലിടിയിൽ മാത്രമല്ല ഡിപിആർ, ആക്കിടെക് ഡിസൈൻ, പാരിസ്ഥിതിക അനുമതി, ഗ്ലോബൽ ടെൻഡർ ,പദ്ധതി കരാർ എന്നിവയെല്ലാം നടപ്പിലാക്കിയത് ഉമ്മൻചാണ്ടി സർക്കാർ ആണ്.ഇതിനു പുറമേ ഭൂമി ഏറ്റെടുക്കലും മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാര പാക്കേജ് കൊണ്ടുവന്നതും ഉമ്മൻചാണ്ടി സർക്കാരാണ്.

ഈ വസ്തുതകൾ നിലനിൽക്കെയാണ് ഇടതുപക്ഷം പദ്ധതി തങ്ങളുടെ കുത്തകയായി വെച്ച് ആഘോഷമാക്കുന്നത്.ഒരു കാര്യം ഉറപ്പാണ് .ഈ പദ്ധതി കേരളത്തിൻെറ അഭിമാന പദ്ധതിയാണ്.
പണം നൽകിയ പ്രധാനമന്ത്രി മോദിജിക്കും ഉമ്മൻ ചാണ്ടിക്കും അഭിവാദ്യങ്ങൾ.