ഇറാനിലെ രജായി തുറമുഖത്ത് വൻസ്‌ഫോടനം; കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചു; നാല് മരണം

ടെഹ്റാൻ: തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വൻസ്ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.

നാല് പേർ മരിച്ചതായും 500 ലേറെ പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്ബോള്‍ ഒട്ടേറെ പേർക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകർന്നതായി ഇറാനിയൻ മാധ്യമങ്ങള്‍ പറഞ്ഞു. 2020-ല്‍ ഇതേ തുറമുഖം വലിയ സൈബർ ആക്രമണം നേരിടുകയുണ്ടായി. അത് വലിയ സാമ്ബത്തിക നഷ്ടമാണുണ്ടാക്കിയത്. ഇസ്രയേലാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ ഹാക്കർമാർ ഇസ്രയേലില്‍ നടത്തിയ സൈബർ ആക്രമണത്തിന് പകരമായിരുന്നു ആ സംഭവം.