പഹല്‍ഗാം ഭീകരാ ക്രമണം; പാക്കിസ്താൻെറ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായി ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിനേക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ വിദേശ നയതന്ത്രപ്രതിനിധികള്‍ക്ക് കൈമാറി ഇന്ത്യ.

സാങ്കേതിക തെളിവുകളും ഇന്റലിജന്‍സ് ശേഖരിച്ച നിര്‍ണായക തെളിവുകളും നിര്‍ണായക ദൃക്സാക്ഷി വിവരണങ്ങളും രഹസ്യാന്വേഷണ സ്രോതസ്സുകളില്‍ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളും പഹല്‍ഗാം ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) മുതിര്‍ന്ന ഉദ്യോഗസ്ഥരും 30-ലധികം വിദേശ അംബാസഡര്‍മാരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരരെയും ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെയും പാകിസ്താനുമായി ബന്ധിപ്പിക്കുന്ന കണ്ടെത്തലുകളും ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 13 ലോകനേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകരരുടെയും ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ പാകിസ്താനില്‍ കുറഞ്ഞത് രണ്ട് സ്ഥലങ്ങളിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും ഇന്ത്യ വിദേശ നയതന്ത്ര പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ചില തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളിലുള്ള പങ്കാളിത്തവും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ വിദേശ സര്‍ക്കാരുകളെ അറിയിച്ചു.
——————