എം.എ. ബേബിക്ക് അറിയാമോ ആവോ, താഴെത്തട്ടിലുള്ള അണികൾ പൊഴിയുന്നു

അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്ത ശേഷം നടന്ന ശ്രദ്ധേയമായ ഒരു പ്രസ്താവിനായിരുന്നു ഇന്നലെ തിരുവനന്തപുരം നടത്തിയത്.
വർഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിന് കോൺഗ്രസുമായി സഹകരണം ആകാമെന്നതായിരുന്നു ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ഈ സഹകരണത്തിന് ജാള്യത വേണ്ട എന്ന് ബേബി പറയുമ്പോൾ കേരളത്തിലെ തലമുതിർന്ന ‘ചില’ നേതാക്കളെ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് വേണം മനസ്സിലാക്കാൻ.

കാലാകാലങ്ങളായി വർഗ്ഗശക്തികളെ എതിർക്കുന്ന നിലപാട് ആണെങ്കിലും കേരളത്തിനേ സംബന്ധിച്ചടത്തോളം ഏതാണ്ട് അതേ അളവിൽ തന്നെയായിരുന്നു കോൺഗ്രസിനോടുള്ള സിപിഎമ്മിന്റെ നിലപാടും .

എന്നാൽ മധുരയിൽ ചേർന്ന് അഖിലേന്ത്യ സമ്മേളനത്തിൽ പ്രതിനിധി ചർച്ചയിൽ ഉയർന്ന ഒരു കാര്യം നേതാക്കൾ കർഷകരിൽ നിന്നും സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോകുന്നു എന്നതായിരുന്നു.പാവപ്പെട്ടവൻ്റെ പാർട്ടി എന്ന സിദ്ധാന്തം ഒക്കെ കളഞ്ഞു കുളിച്ച് ഏതാണ്ട് മുതലാളിത്ത മനോഭാവമായിരുന്നു നേതാക്കൾക്ക് .അത് ലോക്കൽ നേതാക്കൾ മുതൽ മുകളിലോട്ട് പടർന്നു പിടിച്ചിരുന്നു.താഴെത്തട്ടുള്ള സാധാരണ പാർട്ടി പ്രവർത്തകരെ പോലും അവഗണിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളിൽ ഉള്ളത് .ന്യായമായ ഉറപ്പായ കാര്യങ്ങൾക്ക് പോലും വില നൽകാതെ വ്യക്തി താൽപര്യമോ പ്രാദേശിക താത്പര്യം ഒക്കെ കണക്കിലെടുത്താണ് പലപ്പോഴും നേതാക്കൾ നിലപാട് എടുത്തിരുന്നത്.

വലയിലകപ്പെട്ട ചെറുമീനുകൾ ഒന്നും വല മുറിച്ച് പുറത്തു പോകില്ലെന്ന് ഒരു മിഥ്യാധാരണ നേതൃത്വ നിരയ്ക്കുണ്ട്. എന്നാൽ കണ്ടും കേട്ടും മടുത്ത താഴത്തിട്ടിലുള്ള ചെറുമീനുകളാകുന്ന സാധാരണ പ്രവർത്തകരും വിശ്വാസികളും അകന്നുപോകുന്നൂവെന്നത് പച്ചയായ യാഥാർത്ഥ്യമാണ്.ആ തിരിച്ചറിവ് ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടെന്നുള്ളതാണ് പ്രതിനിധി സമ്മേളനത്തിൽ ചർച്ചയായി രൂപപ്പെട്ടത്. എന്നാൽ ഈ തിരിച്ചറിവിൽ വേണ്ട തിരുത്തലുകൾ നടത്തി മുന്നോട്ടു പോകുമോ എന്നതും ചിന്തനീയമാണ്.

പുതിയ ജനറൽ സെക്രട്ടറിക്കും ഈ കാര്യത്തിൽ നല്ല ധാരണ ഉണ്ടെന്നു വേണം അനുമാനിക്കാൻ. അതുകൊണ്ടുതന്നെ ആവണം മറ്റു കക്ഷികളെ കൂടി ചേർത്ത് മുന്നോട്ടു പോകണമെന്ന് ഉൾവിളി ഉണ്ടായത്.എന്നാൽ കേരളത്തിൽ മാത്രം ‘പവർ’ ഉള്ള സിപിഎമ്മിന്റെ കേരളത്തിലെ തലമൂതിര്‍ന്ന നേതാക്കൾ എങ്ങനെ ഇതിനെ കാണുമെന്നതും കണ്ടറിയേണ്ടതാണ്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മാത്രമേ ഒന്ന് പൊരുതാൻ പോന്ന അംഗസംഖ്യ ഉള്ളൂ. ഇവിടെ പ്രബലമായ മറ്റ് കക്ഷിയുടെ ഒത്താശ എന്ന ‘ഫോർമാറ്റ് ‘ആരൊക്കെ അംഗീകരിക്കും എന്നതും പുതിയ ജനറൽ സെക്രട്ടറിയുടെ തീരുമാനത്തെ ആരൊക്കെ പിന്തുണയ്ക്കും എന്നതും വരും നാളിൽ കണ്ടറിയേണ്ടതു തന്നെയാണ്.